‘ദി അപ്രന്റീസി’ൽ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗം; നിയമ നടപടി സ്വീകരിക്കുമെന്ന് ട്രംപ്; ‘ഈ സിനിമ വെളിച്ചം കാണരുത്’

വാഷിങ്ടൺ: അന്താരാഷ്ട്ര കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച തന്റെ ബയോപിക് ചിത്രമായ ദി അപ്രന്റീസിനെതിരെ നിയമ നടപടി സ്വീകരിക്കാൻ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഡൊണാൾഡ് ട്രംപ് മുൻ ഭാര്യ ഇവാനയെ ബലാത്സംഗം ചെയ്യുന്നതായി സിനിമയിൽ ചിത്രീകരിച്ചതാണ് വിവാദങ്ങൾക്ക് കാരണം. സിനിമക്കെതിരെ കേസ് നൽകുമെന്നാണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം അറിയിച്ചത്. സിനിമ യുഎസിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. ട്രംപിനെതിരെ തെറ്റായ ആരോപണങ്ങളാണ് സിനിമയിൽ ഉന്നയിച്ചിരിക്കുന്നത്. ഏറെക്കാലമായി പറയുന്ന നുണകൾ ഉപയോഗിച്ച് നിർമിച്ച കെട്ടുകഥ മാത്രമാണ് സിനിമയെന്നും ട്രംപിന്റെ കാമ്പയിൻ വക്താവ് സ്റ്റീവൻ ചെയുങ് പറഞ്ഞു. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ട്രംപിനെ അപമാനിക്കാൻ ലക്ഷ്യമിടുന്നതാണ് ഈ ചിത്രമെന്നും അതുകൊണ്ട് തന്നെ ദി അപ്രന്റീസ് ഒരിക്കലും വെളിച്ചം കാണരുതെന്നും ഡിവിഡികളുടെ കൂട്ടത്തിൽ പോലും സിനിമക്ക് സ്ഥാനമുണ്ടാകാൻ പാടില്ലെന്നും ട്രംപിന്റെ പ്രചാരണവിഭാഗം വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ചിത്രം കാനിൽ പ്രദർശിപ്പിച്ചത്. സെബാസ്റ്റ്യൻ സ്റ്റാൻ ഡൊണാൾഡ് ട്രംപായി വേഷമിട്ട ചിത്രം മുൻ യുഎസ് പ്രസിഡന്റിന്റെ വ്യക്തി ജീവിതമാണ് കാണിക്കുന്നത്. ഇറാനിയൻ-ഡാനിഷ് സംവിധായകൻ അലി അബ്ബാസിയാണ് ചിത്രം സംവിധാനം ചെയ്തത്.

More Stories from this section

family-dental
witywide