ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കുമെന്ന് ബൈഡന്‍ ഭരണകൂടത്തിനറിയാമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയേയ്യുടെ കൊലപാതകത്തിനു ശേഷം ഇസ്രയേലിന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കുമെന്ന് ബൈഡന്‍ ഭരണകൂടത്തിന് ബോധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ ഉയരുന്നുണ്ടെന്നും ചില അമേരിക്കന്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഹമാസുമായി ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ക്ക് ഇസ്മായില്‍ ഹനിയേയ്യുടെ കൊലപാതകത്തോടെ മങ്ങലേറ്റെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ സമ്മതിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ ബൈഡന്‍, മിഡില്‍ ഈസ്റ്റിലെ ഏറ്റവും പുതിയ സംഘര്‍ഷാവസ്ഥയെക്കുറിച്ച് താന്‍ വളരെയധികം ആശങ്കാകുലനാണെന്ന് അറിയിച്ചിരുന്നു.

അതേസമയം, ഇസ്മായില്‍ ഹനിയ്യയുടെ ഖബറടക്കം ഇന്ന് ഖത്തറില്‍ നടക്കുകയാണ്. മൃതദേഹം ഇറാനില്‍ നിന്ന് ഇന്നലെ ദോഹയിലെത്തിച്ചിരുന്നു. ഖത്തറിലെ ദേശീയ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം മയ്യിത്ത് നമസ്‌കാരവും തുടര്‍ന്ന് ലുസൈല്‍ നഗരത്തില്‍ ഖബറടക്കവും നടത്തുമെന്ന് ഹമാസും ഖത്തരി സ്റ്റേറ്റ് മീഡിയയും റിപ്പോര്‍ട്ട് ചെയ്യുന്നു.