തൃശൂരില്‍ വന്‍ ജി എസ് ടി റെയ്ഡ്: 104 കിലോ സ്വര്‍ണം കണ്ടെത്തി; ഉദ്യോഗസ്ഥരെത്തിയത് ഉല്ലാസയാത്രയ്‌ക്കെന്ന വ്യാജേന, എല്ലാം അതീവ രഹസ്യം

തൃശൂര്‍: തൃശൂര്‍ സ്വര്‍ണാഭരണ നിര്‍മാണ ഫാക്ടറികളിലും വീടുകളിലും ഫ്‌ളാറ്റുകളിലും അടക്കം നഗരത്തില്‍ 74 ഇടത്ത് സംസ്ഥാന ജി എസ് ടി വകുപ്പിന്റെ പരിശോധന. 104 കിലോ അനധികൃത സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ട് 5 ന് ആരംഭിച്ച പരിശോധന തുടരുകയാണ്. നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ എത്തി ഒരേസമയം വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ജി എസ് ടി റെയ്ഡ് ആണ് ഇതെന്നും വിവരമുണ്ട്.

അതേസമയം, ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ നീക്കങ്ങള്‍ ആസൂത്രിതവും അതീവ രഹസ്യവുമായിരുന്നു. ട്രെയിനിങ് എന്ന പേരില്‍ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥരെ ഐഡന്റിറ്റ് വെളിപ്പെടുത്താതെ, വിനോദസഞ്ചാരികളെന്ന പേരില്‍ ടൂറിസ്റ്റ് ബസുകളിലും വാനുകളിലുമാണ് തൃശൂരില്‍ എത്തിച്ചത്.

ഉല്ലാസയാത്ര, അയല്‍ക്കൂട്ട സംഘങ്ങളെന്ന തരത്തിലുള്ള ബാനറായിരുന്നു ടൂറിസ്റ്റ് ബസുകള്‍ക്കു നല്‍കിയിരുന്നത്. സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കിയത് രഹസ്യസ്വഭാവം നിലനിര്‍ത്തി. റെയ്ഡിനെക്കുറിച്ച് വളരെ ഉയര്‍ന്ന ഏതാനും ചില ഉദ്യോഗസ്ഥര്‍ക്കുമാത്രമേ അറിവുണ്ടായിരുന്നുള്ളു. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ മാസങ്ങളായി തൃശൂര്‍ ജില്ലയിലെത്തി രഹസ്യമായി കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു.

റെയ്ഡിന് ഉദ്യോഗസ്ഥരെ എത്തിക്കാനായി എറണാകുളം ജില്ലയില്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി പ്രത്യേക പരിശീലനം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. പങ്കെടുക്കാനെത്തിയ ഉദ്യോഗസ്ഥരില്‍നിന്നാണ് റെയ്ഡിനുള്ളവരെ സംഘമാക്കിയത്. കഴിഞ്ഞ ആറുമാസമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും റെയ്ഡ് തുടങ്ങുന്നതുവരെ രഹസ്യസ്വഭാവം സൂക്ഷിച്ചായിരുന്നു നടപടികള്‍. ഇന്നലെ റെയ്ഡ് നടക്കുന്നതുവരെ ഉദ്യോഗസ്ഥര്‍ക്കു വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. ആകെ 640 ഉദ്യോഗസ്ഥരെയാണ് റെയ്ഡിനായി വിന്യസിച്ചതെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ഡപ്യൂട്ടി കമ്മിഷണര്‍ ദിനേശ് കുമാര്‍ പറഞ്ഞു. ഇന്നു വൈകിട്ടോടെയേ നടപടികള്‍ അവസാനിക്കൂവെന്നും പിടിച്ചെടുത്ത സ്വര്‍ണം ട്രഷറിയിലേക്കു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide