ഷിരൂരിലെ മണ്ണിടിച്ചിലില്‍ മലയാളി ഡ്രൈവര്‍ അര്‍ജുനെ കാണാതായതുമുതല്‍ മലയാളികള്‍ക്കിടയില്‍ താരമായും ചര്‍ച്ചാ വിഷയമായ പേരുമാണ് ഈശ്വര്‍ മല്‍പെയുടേത്. ഇപ്പോഴിതാ കാണാതായ പ്രമുഖ വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തിയത് മുങ്ങല്‍ വിദഗ്ധനായ അതേ മല്‍പെ തന്നെ.
കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി -പന്‍വേല്‍) കുളൂര്‍ പാലത്തിനു മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ഇദ്ദേഹത്തിന്റെ ആഡംബര കാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ പനമ്പൂര്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു. ഫാല്‍ഗുനി പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, മുംതാസ് അലി പാലത്തില്‍ നിന്നു സ്വയം ഫാല്‍ഗുനി പുഴയിലേക്ക് ചാടിയതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. താന്‍ മടങ്ങിവരില്ലെന്ന് കുടുംബ വാട്‌സാപ് ഗ്രൂപ്പില്‍ പുലര്‍ച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ മുംതാസ് അലി വീടുവിട്ടതായാണ് മകള്‍ പൊലീസിനോടു പറഞ്ഞത്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയൂദീന്‍ ബാവയുടെയും ജനതാദള്‍ (എസ്) മുന്‍ എംഎല്‍സി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി.