ബിജെപി കൂട്ടിക്കെട്ടിയ ഭയത്തിന്റെയും ആശയകുഴപ്പത്തിന്റെയും ചങ്ങല പൊട്ടി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാമുന്നണി വന്‍ വിജയം കൊയ്തതോടെ ബിജെപി കൂട്ടിക്കെട്ടിയ ഭയത്തിന്റെയും ആശയകുഴപ്പത്തിന്റെയും ചങ്ങല പൊട്ടിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍, യുവാക്കള്‍, തൊഴിലാളികള്‍, വ്യവസായികള്‍, തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങി എല്ലാ വര്‍ഗവും സ്വേച്ഛാധിപത്യത്തെ പൂര്‍ണ്ണമായും തകര്‍ത്ത് നീതിയുടെ ഭരണം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു. പൊതുജനങ്ങള്‍ അവരുടെ ജീവിത പുരോഗതിക്കും ഭരണഘടനയുടെ സംരക്ഷണത്തിനുമായി ‘ഇന്ത്യ’യ്ക്കൊപ്പം നില്‍ക്കുകയാണ് എന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാഷ്ട്രീയ വിശ്വാസ്യത തകര്‍ന്നതിന്റെ ശക്തമായ തെളിവാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നല്‍കിയ പൊതുജനങ്ങള്‍ക്ക് മുന്നില്‍ നമിക്കുന്നുവെന്നും അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത എല്ലായിടത്തും അവര്‍ക്ക് എന്റെ ഹൃദയംഗമമായ നന്ദിയും അറിയിക്കുന്നുവെന്നും ഖാര്‍ഗെ എക്സില്‍ കുറിച്ചു.ബിജെപിയുടെ ധാര്‍ഷ്ട്യവും ദുര്‍ഭരണവും നിഷേധാത്മക രാഷ്ട്രീയവും ജനങ്ങള്‍ ഇപ്പോള്‍ പാടേ തള്ളിക്കളഞ്ഞിരിക്കുന്നു എന്നാണ് ഈ വിജയം കാണിക്കുന്നതെന്നും ഖാര്‍ഗെ സന്തോഷം പങ്കുവെച്ചു

വര്‍ത്തമാനകാലത്തെ മെച്ചപ്പെടുത്തുകയും ശോഭനമായ ഭാവിക്കായി വ്യക്തമായ രൂപരേഖ തയ്യാറാക്കുകയും ചെയ്യുന്ന പോസിറ്റീവ് രാഷ്ട്രീയമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും യുവ ഇന്ത്യയുടെ ആവശ്യങ്ങളോടും അഭിലാഷങ്ങളോടും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.

അതേസമയം, ബിജെപിക്ക് തള്ളിക്കളയാന്‍ കഴിയാത്ത പാഠങ്ങള്‍ ഉണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. തൊഴിലില്ലായ്മയും വിലക്കയറ്റവും വിദ്വേഷം പരത്തുന്നതുമാണ് ബിജെപി ജനങ്ങളുടെ അപ്രീതിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ പത്തിടത്തും വിജയിച്ച ഇന്ത്യാ മുന്നണിക്കു മുന്നില്‍ എന്‍ഡിഎയും ബിജെപിയും തകര്‍ന്നടിയുകയായിരുന്നു.

More Stories from this section

family-dental
witywide