തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് പൂരം ‘കലക്കി’; ആരോപണങ്ങള്‍ ശരിവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ പൂരം ‘കലക്കി’യതാണെന്ന ആരോപണങ്ങള്‍ ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം കലക്കലില്‍ സമഗ്ര അന്വേഷണവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം തിരുവനന്തപുരത്തു നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ നടന്ന ശ്രമം, അതുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കുറ്റങ്ങള്‍ എന്നിവയില്‍ വിശദ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയും, പൂരവുമായി ബന്ധപ്പെട്ട ചുമതലകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പിഴവു സംഭവിച്ചോ എന്ന് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി മനോജ് ഏബ്രഹാമിനെയും ചുമതലപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്കുമാറിനു പൂരം നടത്തിപ്പില്‍ വീഴ്ചയുണ്ടായോ എന്നതിനെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ ഡിജിപിയെയും ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ആസൂത്രിതമായ അട്ടിമറി ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

”തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തുടക്കം മുതലേ പ്രശ്നമുണ്ടായി. എക്സിബിഷനുമായി ബന്ധപ്പെട്ട വിഷയമായിരുന്നു ആദ്യം ഉയര്‍ന്നത്. ആ ഘട്ടത്തില്‍ ഇടപെടേണ്ടി വന്നിരുന്നു. അതിന് പരിഹാരമാകുകയും ചെയ്തു. ആനകളുമായി ബന്ധപ്പെട്ട ചില പ്രശ്നം ഉയര്‍ന്നിരുന്നു. അതും പരിഹരിച്ചു. ഇതിലെല്ലാം സര്‍ക്കാര്‍ നിലപാട് എല്ലാവിഭാഗം ജനങ്ങളും അണിനിരക്കുന്ന പൂരം കുറ്റമറ്റ രീതിയില്‍ നടത്തുക എന്നതിനാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടമായിരുന്നു പൂരം. അതിന്റെ അവസാനഘട്ടത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമമുണ്ടായി എന്നത് ഗൗരവമായി എടുത്തത് കൊണ്ടാണ് അതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപിയെ ആണ് ഇതിന് ചുമതലപ്പെടുത്തിയത്. ആ അന്വേഷണ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 23നാണ് ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ട് 24ന് എനിക്ക് ലഭിച്ചു”.

More Stories from this section

family-dental
witywide