തിരുവനന്തപുരം: വയനാട് ദുരന്ത സമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതില്‍ കേന്ദ്രം സഹായിച്ചിരുന്നുവെങ്കിലും അര്‍ഹമായ ദുരന്ത സഹായം വൈകിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ചൂരല്‍മലയിലുണ്ടായതെന്നും വരാനിരിക്കുന്ന ചെലവ് ഉള്‍പ്പെടെ 1222 കോടി രൂപയുടെ സഹായമാണ് ഇതിനായി ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രം സഹായിക്കാത്തതില്‍ പ്രതിഷേധം അറിയിക്കണമെന്ന് മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു.
അതേസമയം, വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിക്കാന്‍ പദ്ധതിയിടുന്ന ടൗണ്‍ഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക പട്ടിക തയ്യാറാക്കി. 983 കുടുംബങ്ങളാണ് ഇപ്പോള്‍ വാടക വീടുകളില്‍ താമസിക്കുന്നതെന്നാണ് കണക്ക്. എന്നാല്‍ 504 കുടുംബങ്ങളെയാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ചര്‍ച്ച നടത്താന്‍ ദുരന്തബാധിതരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചിരിക്കുകയാണ് മേപ്പാടി പഞ്ചായത്ത്.