ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ സോണിയാ ഗാന്ധിക്ക് ദുരന്തനിവാരണ ഫണ്ട് അനധികൃതമായി കൈമാറിയെന്ന ബി.ജെ.പി എം.പി കങ്കണ റണാവത്തിന്റെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ്.
മാപ്പു പറഞ്ഞ് ആരോപണം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടണമെന്നും കങ്കണയ്ക്ക് ഹിമാചല്‍ പ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് മുന്നറിയിപ്പ് നല്‍കി. എന്തടിസ്ഥാനത്തിലാണ് അവര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്? സോണിയാ ഗാന്ധിയെ പോലുള്ള ഒരു നേതാവിന് എതിരെ അവര്‍ പ്രസ്താവന നടത്തിയത് നിര്‍ഭാഗ്യകരമാണെന്നും സിംഗ് പറഞ്ഞു.
കേന്ദ്രത്തില്‍ നിന്ന് വരുന്ന ഫണ്ടുകളോ സംസ്ഥാനത്തിന്റെ വികസനത്തിനുള്ള ഫണ്ടുകളോ സോണിയാ ഗാന്ധിക്ക് നല്‍കുന്നു എന്ന് പറയുന്നതിലും വലിയ ഒരു വിഡ്ഢിത്തമുള്ള പ്രസ്താവനയുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. ”ഒരു രൂപയെങ്കിലും അത്തരത്തില്‍ നല്‍കിയെന്ന് കാണിക്കുന്ന തെളിവ് നല്‍കാന്‍ കങ്കണയെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.