ഇംഫാല്‍: കലാപം അലയടിച്ച് കണ്ണീരും രക്തവും കലര്‍ന്ന മണിപ്പൂരിന്റെ മണ്ണില്‍ ഞെട്ടറ്റ് വാടി താമരയും ഭരണകക്ഷിയായ ബിജെപിയും. മണിപ്പൂരിലെ രണ്ടു സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വലിയ ലീഡോടെ കുതിക്കുന്നു.
ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ രണ്ട് ലോക്സഭാ സീറ്റുകള്‍ മാത്രമേയുള്ളൂ – ഭൂരിഭാഗം താഴ്വര പ്രദേശങ്ങളായ ഇന്നര്‍ മണിപ്പൂരും മിക്കവാറും എല്ലാ മലയോര പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഔട്ടര്‍ മണിപ്പൂര്‍ സംവരണ മണ്ഡലവും. ഇതില്‍ ഇന്നര്‍ മണിപ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അംഗോംച ബിമോള്‍ അകോയിജം തന്റെ തൊട്ടടുത്ത എതിരാളി ബിജെപിയുടെ തൗനോജം ബസന്തകുമാറിനെക്കാള്‍ 70,000 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഔട്ടര്‍ മണിപ്പുരില്‍ അമ്പതിനായിരം വോട്ടിന്റെ ലീഡാണ് കോണ്‍ഗ്രസിന്റെ ആല്‍ഫ്രഡ് ആര്‍ത്തൂറിനുള്ളത്.
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെഎന്‍യു) പ്രൊഫസറായ 57 കാരനായ അകോയിജം, താഴ്വരയില്‍ ആധിപത്യം പുലര്‍ത്തുന്ന മെയ്‌തേയ് സമുദായത്തില്‍ പെട്ടയാളാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത് പാര്‍ട്ടിക്ക് വലിയ പിന്തുണയുള്ള മണിപ്പൂരില്‍ നിന്നുതന്നെയായിരുന്നു.
മണിപ്പൂര്‍ വംശീയ പ്രതിസന്ധിയെ പ്രതിപക്ഷ കക്ഷിയായ ഇന്ത്യ ഒരു വലിയ തിരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങും പ്രതിപക്ഷത്തിന് തിരിച്ചടി നല്‍കിയിട്ടും ഇന്ത്യാ സംഘം കേന്ദ്രത്തിനെതിരെ പോരാടാന്‍ ഉപയോഗിച്ച ഒരു വിഷയമായിരുന്നു ഇത്.