കോപ്പ നിറഞ്ഞ് ഫുട്ബോൾ ആവേശം, അറ്റ്ലാൻ്റ സ്റ്റേഡിയം ആവേശക്കടൽ; കോപ്പ അമേരിക്ക ഫുട്ബോൾ മാമാങ്കത്തിന് തുടക്കം, ആദ്യ ജയം അർജൻ്റീനയ്ക്ക് ( 2-0)

കോപ്പ അമേരിക്ക ഫുട്ബോൾ ചാംപ്യഷിപ്പിൻ്റെ ആദ്യ മൽസരത്തിൽ നിലവിലെ ചാംപ്യന്മാരായ അർജൻ്റീനയ്ക്ക് ജയം. കോപ്പയിൽ കന്നി മൽസരത്തിന് ഇറങ്ങിയ കാനഡയെ രണ്ട് ഗോളുകൾക്കാണ് അർജൻ്റീന തകർത്തത്. യൂലിയൻ അൽവാരസും ലൌറ്റാരോ മാർട്ടിനസും കളിയുടെ 49ാം മിനിറ്റിലും 88ാം മിനിറ്റിലും ഗോളുകൾ നേടി.

ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെത്തിയ കാനഡ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് മെസ്സിപ്പടയുടെ മുന്നേറ്റം. മെസ്സിയടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ നിരവധി അവസരങ്ങളാണ് തുലച്ചത്.

നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ അര്‍ജന്റീനയെ വിറപ്പിച്ചാണ് കാനഡ തുടങ്ങിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കാനഡ ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടു. പന്തടക്കത്തിൽ മികവ് പുലർത്തിയത് കാനഡയായിരുന്നു. മെസ്സിയും ഡി മരിയയും ചെറിയ മുന്നേറ്റങ്ങള്‍ നടത്തിയതൊഴിച്ചാല്‍ അര്‍ജന്റീനയ്ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്

കോപ്പ അമേരിക്ക ഫുട്ബോൾ മാമാങ്കത്തിന് തുടക്കം

യുഎസിലെ അറ്റ്ലാൻ്റയിലെ മേഴ്സീഡീസ് ബെൻസ് സ്റ്റേഡിയം ഫുട്ബോൾ ആവേശം നിറഞ്ഞു തുളുമ്പുന്ന ഒരു കോപ്പയായി. 71000 കാണികളുടെ ആരവങ്ങൾക്ക് നടുവിൽ 108ാം കോപ്പ അമേരിക്ക ഫുട്ബോൾ ഫെസ്റ്റിവലിനു തുടക്കമായി. ലാറ്റിനമേരിക്കൻ കാൽപ്പന്ത് കളിയുടെ മുഴുവൻ സൌന്ദര്യവും ആവാഹിക്കുന്ന കോപ്പ അമേരിക്കയുടെ കിക്ക് ഓഫ് ഇവിടെ നടക്കുമ്പോൾ ലോകം മുഴുവൻ ഈ സൌന്ദര്യം ആസ്വദിക്കാൻ മിഴിനീട്ടി ഇരിക്കുകയാണ്. ഇളം നീലയും ചുവപ്പും നിറങ്ങളുടെ ചാരുതയിൽ സ്റ്റേഡിയം വർണക്കടലായി. മന്ത്രമെന്നപോലെ മെസി മെസി എന്ന് നീലക്കടൽ അലയടിച്ചുകൊണ്ടിരിക്കുന്നു.

കൊളംബിയൻ ഗായകൻ ഫീഡിൻ്റെ സംഗീത വിരുന്നോടെയാണ് പരിപാടി തുടങ്ങിയത്. അർജൻ്റീനയുടെ സെർജിയോ അഗ്വേറോ കോപ്പക്കപ്പ് സ്റ്റേഡിയത്തിൽ തിരികെ വച്ചു. ലയണൽ മെസ്സി എന്ന ഇതിഹാസ താരം നയിക്കുന്ന , കഴിഞ്ഞ തവണത്തെ ചാംപ്യനായ അർജൻ്റീനയും അൽഫോൻസ് ഡേവിസ് നയിക്കുന്ന കാനഡയുടെ കന്നി ടീമും ആദ്യ മൽസരത്തിനായി സ്റ്റേഡിയത്തിലെത്തി.

കഴിഞ്ഞ തവണ ഒറ്റ ഗോളിന് ബ്രസീലിനെ വീഴ്ത്തിയ അർജൻ്റീന കോപ്പക്കിരീടം വിട്ടുകൊടുക്കാതെ നിലനിർത്താനാണ് തുടക്കം മുതലേ പരിശ്രമിക്കുക. മെസിക്കൊപ്പം യൂലിയൻ അൽവാരസ്, ലൌറ്റാരോ മാർട്ടിനസ്, റോഡ്രിഗോ ഡീപോൾ,അലക്സിസ് മക്കാലിസ്റ്റർ, എൽസോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ റെമേറോ, ലിസാൻന്ത്രോ മാർട്ടിനസ് എന്നിവർ നല്ല ഫോമിലാണ്.

കാനഡ പുതിയ ടീമാണ്. അമേരിക്കക്കാരൻ ജെസി മാർട്ടിനസാണ് കോച്ച്. യുഎസിലെ മേജർ സോക്കർ ലീഗിൽ നിന്നുള്ള 14 താരങ്ങൾ ടീമിലുണ്ട്.

യുഎസിലെ 10 നഗരങ്ങളിലെ 14 സ്റ്റേഡിയങ്ങളിലാണ് കോപ്പ മൽസരങ്ങൾ. മയാമി ഗാർഡൻസിലെ ഹാർഡ് റോക് സ്റ്റേഡിയത്തിൽ ജൂലൈ 15നാണ് ഫൈനൽ.

കുംബ്രെ എന്ന പേരിൽ അറിയപ്പെടുന്ന പ്യൂമയുടെ പന്താണ് കോപ്പയിലെ താരം. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ആകൃതി അടിസ്ഥാനമാക്കിയാണ് കുംബ്രെയുടെ രൂപ കൽപ്പന.

The Copa America Football Championship kicks off