ആരാധകര്‍ കടലുപോലെ ഒഴുകിയെത്തി; ടിക്കറ്റില്ലാത്തവര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു, കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനല്‍ ഒന്നരമണിക്കൂര്‍ വൈകി

ടിക്കറ്റില്ലാത്ത ആരാധകര്‍ ഇരച്ചു കയറാന്‍ ശ്രമിച്ചതോടെ അര്‍ജന്റീന – കൊളംബിയ ഫൈനല്‍ മത്സരം വൈകിയത് ഒന്നര മണിക്കൂറോളം. കിക്കോഫിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ഫ്‌ളോറിഡയിലെ മിയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലാണ് വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. സുരക്ഷാ ഗേറ്റുകള്‍ ബലമായി തള്ളിത്തുറന്ന് ആരാധകര്‍ അകത്തു കടക്കാന്‍ ശ്രമിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ നിയന്ത്രിക്കാനാകാത്ത സ്ഥിതി വന്നു.

തുടര്‍ന്ന് മത്സരം 30 മിനിറ്റ് വൈകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒടുവില്‍ ഒന്നര മണിക്കൂറോളം വൈകിയാണ് ഫൈനല്‍ ആരംഭിച്ചത്.

ടിക്കറ്റില്ലാത്തവരെ സ്റ്റേഡിയത്തിലേക്കു കയറ്റില്ലെന്ന് കോപ്പ അമേരിക്ക സംഘാടകരായ കോണ്‍മെബോള്‍ എക്‌സിലും കുറിച്ചു. ഇന്ത്യന്‍ സമയം 6.55 ഓടെയാണ് ഫൈനല്‍ ആരംഭിച്ചത്.

സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു വീഡിയോയില്‍ ആരാധകര്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് കാണാം. കൂട്ടത്തില്‍ കൂടുതലും കൊളംബിയയുടെ മഞ്ഞയും ചുവപ്പും നിറങ്ങള്‍ ധരിച്ചവരായിരുന്നു. സ്റ്റേഡിയത്തിന്റെ തെക്കുപടിഞ്ഞാറന്‍ പ്രവേശന കവാടത്തിനടുത്തുള്ള സുരക്ഷാ റെയിലിംഗുകള്‍ക്ക് മുകളിലൂടെ ചാടിയും ചിലര്‍ അകത്തുകടക്കാന്‍ ശ്രമിച്ചു.

സൗത്ത് അമേരിക്കന്‍ ടൂര്‍ണമെന്റിലെ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന് 65,000-ത്തിലധികം കാണികളെയാണ് പ്രതീക്ഷിച്ചിരുന്നത്. തിരക്കിനിടയില്‍ പ്രവേശനം നേടിയ ആരാധകരില്‍ എത്രപേര്‍ക്കാണ് മത്സരത്തിന് ടിക്കറ്റ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. ആരാധകര്‍ക്ക് പാര്‍ക്കിംഗ് ലോട്ടിലേക്ക് പ്രവേശിക്കാന്‍ പോലും ടിക്കറ്റ് ഉണ്ടായിരിക്കണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.