വാഷിംഗ്ടണ്‍: ഒക്ടോബര്‍ 7 ന് ഇസ്രയേലിനെ ആക്രമിച്ച ഹമാസിന് മറുപടി നല്‍കാന്‍ പ്രത്യാക്രമണം നടത്തിയ ഇസ്രയേല്‍ ഇപ്പോഴും ഗാസയില്‍ യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. യുദ്ധത്തില്‍ ഇസ്രയേലിന് പരസ്യ പിന്തുണ നല്‍കാനും ഒപ്പം നില്‍ക്കാനും തയ്യാറായ അമേരിക്കയാകട്ടെ ഗാസയിലെ നിരപരാധികളുടെ മരണം ഏറി വരുന്ന സാഹചര്യത്തില്‍ കടുത്ത അമര്‍ഷത്തിലാണ്.
യുദ്ധം സംബന്ധിച്ചുള്ള വിലയിരുത്തലുകള്‍ക്കായി ദിവസേന ഫോണ്‍ കോളുകള്‍ നടത്തിയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇപ്പോള്‍ അത്തരം സംഭാഷണങ്ങള്‍ക്ക് മുതിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, യുദ്ധവുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകളില്‍ ഉടക്കി ഇരു നേതാക്കളും പരസ്യമായി തര്‍ക്കിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.
ഗാസയിലെ സാധാരണക്കാര്‍ക്ക് സഹായമെത്തിക്കാന്‍ സൈന്യം ഒരു തുറമുഖം നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ ആഴ്ച അവസാനം അമേരിക്ക പ്രഖ്യാപിച്ചു. അതിനുള്ള സാമഗ്രികളുമായി കപ്പല്‍ ഇതിനോടകം പുറപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ വിജയത്തിനരികിലാണെന്നും ഹമാസിന്റെ പൂര്‍ണ നാശമാണ് ലക്ഷ്യമെന്നും നെതന്യാഹു ആവര്‍ത്തിക്കുന്നു. പട്ടിണികൊണ്ട് കുട്ടികള്‍ മരിക്കുന്ന ഗാസയില്‍ പലരും പുല്ല് തിന്നും മൃഗങ്ങള്‍ക്കുള്ള തീറ്റകളും മറ്റും ആഹാരമാക്കിയും ജീവിക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
”റഫയില്‍ അഭയം പ്രാപിക്കുന്ന ഒരു ദശലക്ഷത്തിലധികം സാധാരണക്കാരുടെ സുരക്ഷയും സുരക്ഷാ ആവശ്യങ്ങളും പരിപാലിക്കാന്‍ വിശ്വസനീയവും നടപ്പാക്കാവുന്നതുമായ ഒരു പദ്ധതി ഇല്ലെങ്കില്‍ ഒരു സൈനിക നടപടിയും അവിടെ നടക്കില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം,”എന്ന് വൈറ്റ് ഹൗസ് വക്താവ് ഡാള്‍ട്ടണ്‍ തിങ്കളാഴ്ച പറഞ്ഞു. ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയും ഏറ്റവും വലിയ സൈനിക സഹായ ദാതാവുമായി അമേരിക്ക തുടരുമ്പോഴും ഗാസയിലെ സാധാരണക്കാരുടെ മരണം അമേരിക്കയ്ക്ക് അധിക തലവേദനയാകുന്നുണ്ട്.
The death of innocent people in Gaza is on the rise.