ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിനുള്ളില്‍ ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാളിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബിഭാവ് കുമാറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഐപിസിയുടെ കടുത്ത വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പൊലീസ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. കെജ്രിവാളിന്റെ വീട്ടില്‍ നിന്നുമാണ് ഇദ്ദേഹം അറസ്റ്റിലായത്.
അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബിഭാവ് കുമാര്‍ തന്നെ ആവര്‍ത്തിച്ച് തല്ലുകയും വയറ്റില്‍ ഉള്‍പ്പെടെ ചവിട്ടുകയും ചെയ്തുവെന്നാണ് സ്വാതി മലിവാള്‍ ആരോപിച്ചത്. പരാതിയിലും ഇക്കാര്യം അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ബിജെപിയുടെ നിര്‍ദേശപ്രകാരം അരവിന്ദ് കെജ്രിവാളിനെ ലക്ഷ്യമിട്ടാണ് സ്വാതി മലിവാള്‍ മുന്നിട്ടിറങ്ങിയതെന്നാണ് ആം ആദ്മി പാര്‍ട്ടി കുമാറിനെ പിന്താങ്ങുന്നത്. പഴയയൊരു കേസ് ഉപയോഗിച്ചാണ് സ്വാതി മലിവാളിനെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനും കേസിലേക്കും ബിജെപി പ്രേരിപ്പിച്ചതെന്ന് ഡല്‍ഹി മന്ത്രി അതിഷി ശനിയാഴ്ച അവകാശപ്പെട്ടു. ‘ഡിസിഡബ്ല്യുവില്‍ കരാര്‍ ജീവനക്കാരെ നിയമവിരുദ്ധമായി നിയമിച്ചതുമായി ബന്ധപ്പെട്ട് ബിജെപിയുടെ അഴിമതി വിരുദ്ധ ബ്യൂറോ സ്വാതി മലിവാളിനെതിരെ കേസെടുത്തു. കുറ്റപത്രം സമര്‍പ്പിച്ചു, ശിക്ഷാ സമയം വരുന്നു, സ്വാതി മലിവാളിനെ ഉപയോഗിച്ച് ഗൂഢാലോചനയില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ കേസ്, എംഎച്ച്എ മുതല്‍ ഡല്‍ഹി പോലീസ് വരെയുള്ള ബിജെപിയുടെ മുഴുവന്‍ സംവിധാനങ്ങളും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇന്നലെ തീസ് ഹസാരി കോടതിയില്‍ കണ്ടു’, അതിഷി പത്രസമ്മേളനത്തില്‍ പറഞ്ഞു.