ദുബായിലെ മലയാളി വ്യവസായികള്‍ നേതൃത്വം നല്‍കുന്ന കമ്പനിക്ക് വിമാന സര്‍വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ മലയാളികളുടെ ഉടമസ്ഥതയിലുള്ള വിമാന കമ്പനി എന്ന സ്വപ്‌നം പൂവണിയുന്നു. എയര്‍ കേരള എന്ന പേരിലായിരിക്കും കേരളത്തിന്റെ വിമാനങ്ങള്‍ പറന്നുയരുക. ദുബായ് ആസ്ഥാനമായ സെറ്റ്ഫ്‌ളൈ ഏവിയേഷന്‍ എന്ന കമ്പനിയാണ് ഈ പുതിയ സംരംഭത്തിന് നേതൃത്വം വഹിക്കുക.
ഇന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഡൊമസ്റ്റിക് സര്‍വീസുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. പിന്നീട് അനുമതി ലഭിക്കുന്ന മുറയ്ക്ക് വിദേശ സര്‍വ്വീസുകളായി വിപുലപ്പെടുത്തും. തുടക്കത്തില്‍ മൂന്നു വിമാനങ്ങളാണ് കമ്പനി വാങ്ങുക. പിന്നീടത് 20 ആയി വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട് കേരളം ആസ്ഥാനമായുള്ള ആദ്യത്തെ വിമാന കമ്പനിയാകുന്ന സെറ്റ്ഫ്‌ളൈ ഏവിയേഷന്.
നേരത്തെ 2005-ല്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ‘എയര്‍ കേരള’ എന്ന പേരില്‍ വിമാന സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. പക്ഷേ, കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിക്കാതെ പോയതോടെ ആ ആഗ്രഹത്തിന് ചിറകു വിടര്‍ത്തായില്ല. ഇപ്പോഴിതാ വീണ്ടുമൊരു സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷം മലയാളിക്ക് നല്‍കിയാണ് സെറ്റ്ഫ്‌ളൈ ഏവിയേഷന്റെ വരവ്.