
ന്യൂഡല്‍ഹി: 543 ലോക്സഭാ മണ്ഡലങ്ങളില്‍ 542 എണ്ണത്തില്‍ ബിജെപി 240 സീറ്റുകളിലും കോണ്‍ഗ്രസിന് 99 സീറ്റുകളിലും വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഫല പ്രഖ്യാപനം. 543 അംഗങ്ങളുള്ള ലോക്സഭയില്‍ ബിജെപിയുടെ സൂറത്ത് സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് 542 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പും വോട്ടെണ്ണലും നടന്നത്. അതേസമയം, എന്‍സിപി (ശരദ് പവാര്‍) സ്ഥാനാര്‍ത്ഥി ബജ്റംഗ് മനോഹര്‍ സോന്‍വാനെ ബിജെപിയുടെ പങ്കജ മുണ്ടെയെക്കാള്‍ ലീഡ് ചെയ്യുന്ന മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിലെ ഫലം ഇപ്പോഴും എത്തിയിട്ടില്ല.
ബുധനാഴ്ച പുലര്‍ച്ചെ പ്രഖ്യാപിച്ച ഫലമനുസരിച്ച്, മൂന്ന് ഹിന്ദി ഹൃദയഭൂമികളിലെ കനത്ത പരാജയം വകവയ്ക്കാതെ, ലോക്സഭയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ഡിഎ) ഭൂരിപക്ഷം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. മോദിയുടെ പേരില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ 240 സീറ്റുകളില്‍ വിജയിച്ചു. പക്ഷേ 272 എന്ന കേവല ഭൂരിപക്ഷത്തില്‍ താഴെയായതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലെ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമാണ്.
പ്രധാന സഖ്യകക്ഷികളായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി)യും നിതീഷ് കുമാറിന്റെ ജെഡിയും ആന്ധ്രാപ്രദേശിലും ബിഹാറിലും യഥാക്രമം 16, 12 സീറ്റുകള്‍ നേടിയിരുന്നു. ഇവരെക്കൂടാതെ, മറ്റ് സഖ്യ കക്ഷികളുടെ ഉള്‍പ്പെടെ പിന്തുണയോടെ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ തകൃതിയായി നടത്തുകയാണ്.
ഉത്തര്‍പ്രദേശില്‍ 37 സീറ്റുകളുമായി സമാജ്വാദി പാര്‍ട്ടി ഇന്ത്യന്‍ ബ്ലോക്കിന്റെ മനോവീര്യം ഉയര്‍ത്തിയപ്പോള്‍, പ്രതിപക്ഷ സഖ്യത്തിലെ മറ്റൊരു പ്രധാന അംഗമായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പശ്ചിമ ബംഗാളില്‍ 29 സീറ്റുകള്‍ നേടി. 2019 ല്‍ ഇത് 22 ആയിരുന്നു. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ പ്രതീക്ഷിച്ചതുമായ ഒരു വന്‍ വിജയം യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കിയില്ല എന്നത് പ്രധാനമന്ത്രിയേയും ബിജെപിയേയും ഞെട്ടിച്ചു.