ന്യൂഡല്‍ഹി: ട്രെയിന്‍ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച ബീഹാറിലെ ബെഗുസാരായിയിലെ ബറൗണി ജംഗ്ഷനിലാണ് സംഭവം. റെയില്‍വേ പോര്‍ട്ടര്‍ ഷണ്ടിംഗ് ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സോന്‍പൂര്‍ റെയില്‍വേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനില്‍ പോര്‍ട്ടര്‍ ജോലി ചെയ്യുന്ന അമര്‍ കുമാര്‍ റാവു(25)വാണ് കൊല്ലപ്പെട്ടത്.
ഷണ്ടിംഗ് ഓപ്പറേഷനില്‍ രണ്ട് റെയില്‍വേ ജീവനക്കാര്‍ തമ്മിലുള്ള ഏകോപനക്കുറവാണ് അമര്‍കുമാറിന്റെ ജീവനെടുത്തത്. ഇവരില്‍ ഒരാള്‍ എന്‍ജിന്റെയും പവര്‍ കാറിന്റെയും ബഫറില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്.
അഞ്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട സംയുക്ത റിപ്പോര്‍ട്ടില്‍, രണ്ട് പോയിന്റ്മാന്‍മാരായ അമര്‍ കുമാറും മൊഹമ്മദ് സുലൈമാനും ജോലിക്കിടെയുണ്ടായ ആശയവിനിമയ പ്രശ്‌നമാണ് മരണകാരണമെന്നാണ് വ്യക്തമാക്കുന്നത്. ബഫറുകള്‍ക്കിടയില്‍ യുവാവിന്റെ ശരീരം കുടുങ്ങിയതിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോച്ചുകളില്‍ നിന്ന് ട്രെയിന്‍ എഞ്ചിനുകള്‍ വേര്‍പെടുത്തുക എന്നതാണ് ഒരു പോയിന്റ്മാന്റെ ജോലി. ബോഗികള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഷോക്ക് അബ്‌സോര്‍ബര്‍ ഉപകരണമാണ് ബഫര്‍.