കള്ളപ്പണം വെളുപ്പിക്കല്‍ : മുന്‍ ഡിഎംകെ പ്രവര്‍ത്തകന്‍ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ ഇഡി റെയ്ഡ്

ചെന്നൈ: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച തമിഴ്നാട്ടിലെ വിവിധ നഗരങ്ങളില്‍ റെയ്ഡ് നടത്തുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ഡിഎംകെ പ്രവര്‍ത്തകന്‍ ജാഫര്‍ സാദിഖ് ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ട ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ ഏകദേശം 25 ഇടങ്ങളിലാണ് റെയ്ഡ്.

കേന്ദ്ര അര്‍ദ്ധസൈനിക സേനയുടെ സംരക്ഷണത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരം പരിശോധന നടത്തുന്നത്.

തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയായ സാദിഖ്, ചലച്ചിത്ര സംവിധായകന്‍ അമീര്‍ തുടങ്ങി നിരവധി പേരുടെ വസതികളും അന്വേഷണം നടക്കുന്നുണ്ട്. 2,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിന്‍ കടത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 36 കാരനായ ജാഫര്‍ സാദിഖിനെ കഴിഞ്ഞ മാസം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പിടികൂടിയിരുന്നു. മാത്രമല്ല, തമിഴ്, ഹിന്ദി സിനിമാ മേഖലയിലെ പണമിടപാടുകാര്‍, ചില ഉന്നത വ്യക്തികള്‍, ‘രാഷ്ട്രീയ ഫണ്ടിംഗ്’ എന്നിവയുമായുള്ള സാദിഖിന്റെ ബന്ധങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് എന്‍സിബി മുമ്പ് സൂചനല്‍കിയിരുന്നു.

അതേസമയം, മയക്കുമരുന്ന് കടത്തില്‍ പങ്കുള്ളതായി എന്‍സിബിയുടെ വെളിപ്പെടുത്തല്‍ എത്തിയതോടെ ഫെബ്രുവരിയില്‍ സാദിഖിനെ ഭരണകക്ഷിയായ ഡിഎംകെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

More Stories from this section

family-dental
witywide