വാഷിങ്ടൺ: എയർപോർട്ടുകളിൽ സൗജന്യ യുഎസ്ബി ചാർജിംഗ് പോയിൻ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് എഫ്ബിഐ എയർലൈൻ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. പാസ്‍വേഡുകൾ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നും ഇത്തരം ചാർജിങ് പോയിന്റുകളിൽ ചാര സോഫ്റ്റ്‍വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
‘ജ്യൂസ് ജാക്കിംഗ്’ എന്ന വാക്കാണ് ഇത്തരം കുറ്റകൃത്യങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഹോട്ടൽ ലോബികളും എയർപോർട്ടുകളും ഉൾപ്പെടെയുള്ള ഏതൊരു പബ്ലിക് യുഎസ്ബി ചാർജിംഗ് സ്റ്റേഷനും ജ്യൂസ് ജാക്കിംഗിന് ഇരയാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, യുഎസിൽ ഇത്തരം കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. സൗജന്യ യുഎസ്ബി ചാർജിംഗ് പോയിൻ്റുകൾ പൂർണ്ണമായും ഒഴിവാക്കാനും യാത്രയ്ക്കിടെ ചാർജ് ആവശ്യമുണ്ടെങ്കിൽ പകരം എസി പവർ ഔട്ട്‌ലെറ്റോ ബാറ്ററി പാക്കോ ഉപയോഗിക്കാനും നിർദേശിച്ചു.
ജ്യൂസ് ജാക്കിംഗ് ഭീഷണി 2011 മുതൽ നിലവിലുണ്ട്. ആപ്പിൾ, സാംസങ് പോലുള്ള വൻകിട ടെക് കമ്പനികൾ അവരുടെ ഉപകരണങ്ങളെ ഇത്തരം ഭീഷണിയിൽ നിന്ന് തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇനി അഥവാ പബ്ലിക് ചാർജിങ് പോയിന്റുകൾ ഉപയോഗിക്കുകയാണെങ്കിൽ ചാർജ് ഒപ്ഷൻ മാത്രം തെരഞ്ഞെടുക്കണമെന്നും അറിയിച്ചു.
The FBI is warned Passengers to Avoid Using USB Charging Points in Airports