ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 നിയോജക മണ്ഡലങ്ങള്‍ 695 സ്ഥാനാര്‍ത്ഥികളുടെ വിധി തീരുമാനിക്കും.
വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇത് ഏറ്റവും ചെറിയ ഘട്ടമാണ്. ഒഡീഷ നിയമസഭയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും തിങ്കളാഴ്ച ഒരേസമയം നടക്കും.
ഝാര്‍ഖണ്ഡ് (3), ഒഡീഷ (5), ഉത്തര്‍പ്രദേശ് (14), ബിഹാര്‍ (5), മഹാരാഷ്ട്ര (13), പശ്ചിമ ബംഗാള്‍ (7), ലഡാക്ക് (7), ജമ്മു കശ്മീര്‍ (1) എന്നിവയാണ് അഞ്ചാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും.
അഞ്ചാം ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് രണ്ടാം തവണയും അധികാരത്തിലേറാന്‍ ശ്രമിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ് (ലഖ്നൗ), പിയൂഷ് ഗോയല്‍ (മുംബൈ നോര്‍ത്ത്), കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (റായ്ബറേലി), എല്‍ജെപി (രാം വിലാസ്) നേതാവ് ചിരാഗ് പാസ്വാന്‍ (ഹാജിപൂര്‍), മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ (കല്യാണ്‍), നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള (ബാരാമുള്ള), ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ (സരണ്‍) എന്നിവരുള്‍പ്പെടെ നിരവധി പ്രധാന സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.