വാഷിംഗ്ടണ്‍: ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന്റെ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 7 ന് യുഎസിനുള്ളില്‍ ‘ആക്രമണങ്ങള്‍ക്ക്’ സാധ്യതയുണ്ടെന്ന് എഫ്ബിഐ അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എഫ്ബിഐയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയും (ഡിഎച്ച്എസ്) വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, ‘ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിന്റെ വാര്‍ഷികത്തോട് പ്രതികരിച്ച് ചിലര്‍ അക്രമസംഭവത്തിലേക്ക് കടന്നേക്കാമെന്നും അത്തരത്തിലൊരു ഭീഷണി യു.എസിലുണ്ടെന്നും വ്യക്തമാക്കുന്നു.
തിങ്കളാഴ്ചത്തെ വാര്‍ഷികം ‘അക്രമ തീവ്രവാദികള്‍ക്കും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കും അക്രമത്തില്‍ ഏര്‍പ്പെടാനോ പൊതു സുരക്ഷയെ ഭീഷണിപ്പെടുത്താനോ പ്രേരിപ്പിക്കുന്ന ഘടകമാകുമെന്ന്’ മുന്നറിയിപ്പിലുണ്ട്. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചത് മുതല്‍ ‘അക്രമ തീവ്രവാദ പ്രവര്‍ത്തനം’ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന നിയമാനുസൃത പ്രകടനങ്ങളും വലിയ പൊതുയോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയും അക്രമാസക്തരായ തീവ്രവാദികളും വിദ്വേഷ കുറ്റവാളികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രചോദനമാകും. അത് അക്രമ സംഭവങ്ങളിലേക്ക് നയിക്കാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.