
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിന് സമീപമുള്ള ടാര്‍മാക്കില്‍ ആളുകള്‍ കൂട്ടമായി ഇരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വ്യോമഗതാഗതം താറുമാറായതിനെത്തുടര്‍ന്ന് പുറപ്പെടാന്‍ ദിവസത്തിന്റെ പകുതിയിലധികം സമയം എടുത്തപ്പോഴായിരുന്നു യാത്രികര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
ഇന്‍ഡിഗോ ഡല്‍ഹിയിലെ യാത്രക്കാരാണ് 18 മണിക്കൂര്‍ വൈകിയ വിമാനത്തിന് സമീപം ഇരുന്ന് അത്താഴം കഴിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന യുവാക്കളാണ് വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തത്.
വീഡിയോയില്‍, തളര്‍ന്നുപോയ യാത്രക്കാര്‍ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് ഏതാനും ചുവടുകള്‍ അകലെയുള്ള ടാറിംഗില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നത് കാണാം.
ജനുവരി 14-ന് ഉണ്ടായ സംഭവത്തെക്കുറിച്ച് അറിഞ്ഞ ഇന്‍ഡിഗോ ആവട്ടെ വിഷയത്തില്‍ യാത്രക്കാരോട് മാപ്പ് പറഞ്ഞ് എത്തിയിരുന്നു. കനത്ത മഞ്ഞില്‍ കാഴ്ച പരിധി കുറവായതിനാല്‍ വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഞങ്ങളുടെ ഉപഭോക്താക്കളോട് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഇപ്പോള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ ഞങ്ങള്‍ സ്വീകരിക്കുമെന്നാണ് ഇന്‍ഡിഗോയുടെ വിശദീകരണം.
വൈകിയ വിമാനങ്ങളില്‍ നൂറുകണക്കിന് യാത്രക്കാര്‍ വിമാനക്കമ്പനികളോട് ഉത്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലെ സുഗമമായ നടത്തിപ്പിനെ ഇന്നലെ അത് ബാധിച്ചിരുന്നു.
അതേസമയം, വിമാനം വൈകുന്നതില്‍ സമ്മര്‍ദ്ദത്തിലായ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ പൈലറ്റിനെ ആക്രമിക്കുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി ഇടപെടുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയിലെ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയതില്‍ ഖേദിക്കുന്നതായി എയര്‍ ഇന്ത്യയും ഇന്ന് പ്രസ്താവനയില്‍ പറഞ്ഞു.