അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ അന്താരാഷ്ട്ര കണ്‍വെന്‍ഷന് ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലെ പുന്റ കാനയില്‍ ഇന്ന് പ്രൗഡഗംഭീര തുടക്കം. 600 ഓളം പ്രതിനിധികള്‍ ഉള്‍പ്പടെ ആയിരത്തിലധികം പേര്‍ ഓഗസ്റ്റ് 8 മുതല്‍ 11 വരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വെന്‍ഷന്‍ ചെയര്‍ കുഞ്ഞ് മാലിയില്‍ എന്നിവര്‍ അറിയിച്ചു.
എട്ടിന് രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. വൈകിട്ട് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങള്‍ സംഗമിക്കുന്ന വിപുലമായ ഘോഷയാത്രയോടെയായിരിക്കും കണ്‍വെന്‍ഷന്റെ ഔദ്യോഗിക തുടക്കം. ഘോഷയാത്രക്ക് ശേഷം മെഗാ തിരുവാതിര നടക്കും. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാകും 2024ലെ ഫോമ കണ്‍വെന്‍ഷന്റെ ഉദ്ഘാടന ചടങ്ങ്. ബെസ്റ്റ് കപ്പിള്‍, മീറ്റ് ദ കാന്‍ഡിഡേറ്റ് എന്നീ പരിപാടികളും അതിന് ശേഷം അമേരിക്കന്‍ മലയാളി കലാകാരന്മാരുടെ നേതൃത്വത്തിലുള്ള ഉത്സവ രാവും ആദ്യ ദിവസത്തെ സമ്പന്നമാക്കും.
രണ്ടാം ദിവസം
രാവിലെ 9 മണിക്ക് എക്‌സിക്യുട്ടീവ് കമ്മിറ്റിയും പിന്നീട് നാഷണല്‍ കമ്മിറ്റി, നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍, ജോ. കൗണ്‍സില്‍, ജനറല്‍ ബോഡി എന്നിവ നടക്കും. 11 മണിക്ക് ഫോമയുടെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിക്കും. 11 മണിമുതല്‍ വൈകിട്ട് 5 മണിവരെയാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് സമയം കൂടുതല്‍ വേണമെങ്കില്‍ അക്കാര്യം തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മിസ്സ് ഫോമ, മിസ്റ്റര്‍ ഫോമ എന്നീ പരിപാടികള്‍ രണ്ടാംദിവസത്തെ ആകര്‍ഷണമാകും. മിസ്റ്റര്‍ അയര്‍ലാന്റായിരുന്ന മലയാളിയാകും ഫാഷന്‍ഷോ മത്സരങ്ങളുടെ ജഡ്ജിംഗ് പാനലിന് നേതൃത്വം നല്‍കുക. മിസ്റ്റര്‍ അയര്‍ലാന്റായ മലയാളി താരം നേതൃത്വം നല്‍കുന്ന ബോഡി ഷോയും തുടര്‍ന്ന് നടക്കും. അന്നേ ദിവസം തന്നെ ക്രിക്കറ്റ് മത്സരം, പിപിതോമസ്(സിപിഎ) നയിക്കുന്ന സെമിനാര്‍, രാജു മയിലപ്രയുടെ നേതൃത്വത്തിലുള്ള ചിരിയരങ്ങ്, രാഷ്ട്രീയ സെമിനാര്‍, ജൂബി വള്ളിക്കുളത്തിന്റെ നേതൃത്വത്തിലുള്ള എത്തനിക് ഫാഷന്‍ഷോ, രാത്രി 8 മുതല്‍ 11 വരെ കേരളത്തില്‍ നിന്നുള്ള സിനിമ-സീരിയല്‍ താരങ്ങളും പ്രമുഖ ഗായകരും പങ്കെടുക്കുന്ന ഉത്സവ രാവും നടക്കും.രണ്ടാംദിവസം മുഖ്യതിഥിയായി ടോമിന്‍ തച്ചങ്കരി ഐ.പി.എസ് പങ്കെടുക്കും.
മൂന്നാം ദിനം
പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. പോള്‍ പൂവത്തിങ്കലിന്റെ മ്യൂസിക്കല്‍ ഹീലിംഗ് പരിപാടിയോടെയാകും പത്താം തിയതിയിലെ തുടക്കം. പിന്നീട്56, 28 കാര്‍ഡ് ഗെയിമുകള്‍ നടക്കും. 11 മണിക്ക് വിമണ്‍സ് പ്രോഗ്രാം, 12 മണിമുതല്‍ 2 മണിവരെ ബിസിനസ് മീറ്റ്, വൈകീട്ട് ആറുമണിക്ക് ബാങ്ക്വറ്റ്, അവാര്‍ഡ് വിതരണം, സത്യപ്രതിജ്ഞ എന്നിവയെല്ലാം ചേര്‍ന്ന സമാനചടങ്ങാണ്. രാത്രി 11 മുതല്‍ 12വരെ ഫോമ എന്റര്‍ടൈന്‍മെന്റ് നൈറ്റാണ്.