ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

തിരുവനന്തപുരം: മലയാള സിനിമാ ലോകത്തെ അടിമുടി വിറപ്പിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ഹൈക്കോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് സര്‍ക്കാര്‍ റിപ്പോട്ട് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചത്. റിപ്പോര്‍ട്ടിലുള്ള മൊഴികള്‍ അടക്കമുള്ളവ പരിശോധിക്കുന്ന സംഘം വെളിപ്പെടുത്തലുകളില്‍ കേസെടുക്കുന്ന കാര്യത്തിലടക്കം ഇന്ന് പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കവെയാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്. 2021 ല്‍ ലഭിച്ച റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയൊന്നുമെടുക്കാതെ നിഷ്‌ക്രിയരായി തുടര്‍ന്നത് ആശ്ചര്യപ്പെടുത്തിയെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നും കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകി. അന്വേഷണ സംഘം റിപ്പോർട്ട് വിശദമായി പഠിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ കഴിയുമോയെന്ന കാര്യം കോടതിയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടായാൽ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കാം. എന്നാൽ റിപ്പോർട്ടിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാതെ അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ വന്ന കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പകരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ എന്ത് ചെയ്യാൻ കഴിയുമെന്ന കാര്യം വിശദമായി പഠിച്ച് അറിയിക്കാനാണ് അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകിയിരിക്കുന്നത്

More Stories from this section

family-dental
witywide