തിരുവനന്തപുരം : കേരള സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കുറ്റപ്പെടുത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മന്ത്രി ആര്‍ ബിന്ദുവും രംഗത്ത്. ഇതേ വിഷയത്തെച്ചൊല്ലി ഇരുവരും ഇന്ന് പലപ്പോഴായി വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു.
നിയമം ലംഘിച്ചിട്ടില്ലെന്നും സര്‍വ്വകലാശാല ആക്റ്റും സ്റ്റാറ്റിയൂട്ടും ലംഘിച്ചിട്ടില്ലെന്നും വിഷയത്തില്‍ പ്രതികരിച്ച് രാവിലെ മന്ത്രി പറഞ്ഞിരുന്നു. ചട്ടങ്ങള്‍ പരിശോധിച്ചാല്‍ കാര്യം മനസിലാകുമെന്നും മന്ത്രി വ്യക്തമാക്കി.
കേരള സര്‍വ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായി തന്നെയാണെന്നും താന്‍ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് കോടതിയില്‍ പോകാമല്ലോയെന്നും മന്ത്രി ചോദിച്ചിരുന്നു. മാത്രമല്ല താനാണ് എല്ലാത്തിന്റെയും അധികാരി എന്ന തോന്നലാണ് ഗവര്‍ണര്‍ക്കെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടി പറയുന്നതിനിടെയാണ് മന്ത്രി ബിന്ദുവിനെ പരാമര്‍ശിച്ചുകൊണ്ട് ക്രിമിനലുകളോട് മറുപടി പറയാന്‍ താന്‍ ഇല്ല എന്നായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍.
മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ ചാന്‍സലറോ ചാന്‍സലര്‍ നിര്‍ദേശിക്കുന്ന ആളോ ആകണം അധ്യക്ഷത വഹിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ക്രിമിനല്‍ പരാമര്‍ശം അറിഞ്ഞ മന്ത്രിയാകട്ടെ, ഗവര്‍ണര്‍ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണെന്നും ഗവര്‍ണറുടെ പരാമര്‍ശനത്തിന് മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ലെന്നും വ്യക്തമാക്കി.