തിരുവനന്തപുരം: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റി വൈസ് ചാൻസിലറെ സസ്പെൻഡ് ചെയ്ത് ഗവർണർ. ഡോ.എം.ആർ.ശശീന്ദ്രനാഥിനെയാണ് യൂനിവേഴ്സിറ്റിയുടെ ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തത്.
സിദ്ധാർഥന്റെ മരണത്തിൽ വൈസ് ചാൻസിലർക്ക് ഗുരുതര കൃത്യവിലോപം സംഭവിച്ചുവെന്നു പറഞ്ഞ ഗവർണർ സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നല്‍കിയതായി ഗവര്‍ണര്‍ വ്യക്തമാക്കി. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ഹൈക്കോടതിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
കാമ്പസില്‍ എസ്എഫ്ഐ-പോപ്പുലര്‍ ഫ്രണ്ട് കൂട്ടുകെട്ടാണെന്നും എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്ഐ ഓഫീസാക്കുകയാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിദ്ധാർഥൻ മരിച്ച സംഭവത്തിൽ മുഖ്യപ്രതികളായ രണ്ടു പേരടക്കം മൂന്നുപേർ ഇന്ന് പിടിയിലായിരുന്നു. കൊല്ലം ഓടനാവശം സ്വദേശിയായ സിൻജോ ജോൺസൺ (21), കാശിനാഥൻ, അൽത്താഫ് എന്നിവർ ഇന്നു പുലർച്ചെ പിടിയിലായത്.