തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ ഇനിയും കണ്ണീര്‍ തോരാത്ത വയനാട്ടിലേക്ക് നാളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ എത്തും. കാട്ടാന ആക്രമണത്തില്‍ മരിച്ച അജീഷിന്റെയും പോളിന്റെയും വീടുകള്‍ ഗവര്‍ സന്ദര്‍ശിക്കും. നാളെ വയനാട്ടിലെത്തുന്ന ഗവര്‍ണര്‍ മാനന്തവാടി ബിഷപ്പുമായും കൂടിക്കാഴ്ച നടത്തും.
ഈ വര്‍ഷത്തില്‍, അതായത് കഴിഞ്ഞ ഒന്നരമാസം കൊണ്ട് വന്യ ജീവി ആക്രമണത്തില്‍ വയനാട്ടില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ വയനാട്ടിലെ ജനജീവിതം വലഞ്ഞിരിക്കുകയാണ്. ഇന്നും ഇന്നലെയുമായി പശുവിനെയടക്കം കടുവ ആക്രമിച്ചത് വയനാട്ടിലെ ഭീതിപരത്തുന്ന ജീവിതങ്ങള്‍ക്ക് അവസാനത്തെ ഉദാഹരണം മാത്രമാണ്.
കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോളിന്റെ മരണം എരിതീയില്‍ എണ്ണപൊലെ വയനാട്ടിലെ പ്രതിഷേധങ്ങളെ ആളിക്കത്തിച്ചിരിക്കുകയാണ്. വയനാട് എം.പി രാഹുല്‍ഗാന്ധി ഇന്ന് വയനാട് സന്ദര്‍ശിച്ചു.
കടുവ, ആന, കരടി, കാട്ടുപന്നി എന്നിങ്ങനെ മനുഷ്യര്‍ക്ക് ഉപദ്രവകാരികളായ ഏതാണ്ട് എല്ലാത്തരം വന്യമൃഗങ്ങളും ജനവാസമേഖലകളില്‍ നിരന്തരം ഇറങ്ങുകയും മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് വയനാട്ടില്‍.