കേന്ദ്രത്തിനെതിരെ കടുത്ത പ്രതിഷേധം ; വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു

കല്‍പ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും വയനാട്ടില്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താലിന്റെ ഭാഗമായി ഇന്ന് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട്ടിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനെക്കുറിച്ച് അറിയാതെ എത്തുന്ന നിരവധി യാത്രക്കാര്‍ അതിര്‍ത്തികളില്‍ കുടുങ്ങിയിട്ടുണ്ട്. രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും പൊലീസെത്തി കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.

വയനാട് ദുരന്തബാധിതര്‍ക്ക് പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫ്് ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പിന്നാലെ ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് ഫണ്ട് നല്‍കാത്ത കേന്ദ്ര നയത്തിനെതിരെ എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.

വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നിവ സഹകരണവും ഹര്‍ത്താലിനുണ്ട്. ജില്ലയില്‍ സ്വകാര്യ ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ ഇന്ന് നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഓടുന്ന വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, ശബരിമല തീര്‍ഥാടകര്‍, ആശുപത്രിയുമായി, പാല്‍, പത്രം, വിവാഹ സംബന്ധമായ യാത്രകള്‍ തുടങ്ങിയവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide