മലപ്പുറത്തെ നിപ ബാധിതനായ പതിനാലുകാരൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കി ആരോഗ്യവകുപ്പ്; 30 പേർ നിരീക്ഷണത്തിൽ

മലപ്പുറം: കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥരീകരിച്ച സാഹചര്യത്തിൽ, മലപ്പുറത്ത് നിപ ബാധിതനായ പതിനാലുകാരൻ്റെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ മേല്‍പ്പറഞ്ഞ സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവരും സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും എത്രയും വേഗം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പേരുവിവരങ്ങളും ഫോണ്‍ നമ്പറും അറിയിക്കേണ്ടതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

റൂട്ട് മാപ്പ്:

  • ജൂലൈ 10 – പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചു
  • ജൂലൈ 12 – പാണ്ടിക്കാട് സ്വകാര്യ ക്ലിനിക്കൽ ചികിത്സിച്ചു
  • ജൂലൈ 13 – പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി
  • ജൂലൈ – 15 ന് ഇതേ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അന്ന് തന്നെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി – തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടി അബോധാവസ്ഥയിലായി.
  • ജൂലൈ -19 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
  • ജൂലൈ – 20 സ്രവ സാമ്പിൾ ഫലം പോസിറ്റീവ് ആയി (മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു)

നിപ ബാധ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായ കുട്ടി വെന്റിലേറ്ററിലാമ്. കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ആരോഗ്യ പ്രവർത്തകരടക്കം മുപ്പത് പേർ നിരീക്ഷണത്തിലാണ്. നിപ ബാധിതനായ കുട്ടിയുടെ സുഹൃത്തും പനി ബാധിച്ച് നിരീക്ഷണത്തിലാണ്. 15 പേരുടെ സാമ്പിളുകൾ പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

പതിനാലുകാരന് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാണ്ടിക്കാട് നിപ ബാധിച്ച കുട്ടിയുടെ വീടും ആനക്കയം കുട്ടി പഠിച്ച വിദ്യാലയവും ഉൾപ്പെടുന്ന സ്ഥലങ്ങളാണ്. മലപ്പുറം ജില്ലയിലുള്ളവർ മാസ്‌ക്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളിലും മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചടങ്ങുകളിൽ വലിയ ആൾക്കൂട്ടങ്ങൾ പാടില്ലെന്നും നിർദ്ദേശമുണ്ട്. രണ്ട് പഞ്ചായത്തുകളിലും വ്യാപാര സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനം രാവിലെ 10 മണി മുതൽ വൈകുന്നേരം 05 വരെ മാത്രമായിരിക്കും. തീയേറ്ററുകൾ പ്രവർത്തിക്കാൻ പാടില്ല. മാധ്യമ പ്രവർത്തകരും ഈ മേഖലകളിലേക്ക് പോകരുതെന്ന് നിർദ്ദേശമുണ്ട്. പ്രദേശത്ത് ഗതാഗത നിയന്ത്രണമില്ല.

More Stories from this section

family-dental
witywide