ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൊടുംചൂട് തുടരുന്നതിനിടെ മിര്‍സാപൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന 9 ഉദ്യോഗസ്ഥര്‍ മരിച്ചു. ഇവരില്‍ ആറുപേര്‍ ഹോം ഗാര്‍ഡുകളാണ്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തീവ്ര ഉഷ്ണ തരംഗത്തിന്റെ പിടിയിലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. എന്നാല്‍ 9 ഉദ്യോഗസ്ഥരുടേയും മരണ കാരണം ഉഷ്ണ തരംഗം തന്നെയാണോ എന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
കനത്ത ചൂടിനിടെയില്‍ ഇന്ന് 23 പോളിംഗ് ഉദ്യോഗസ്ഥരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോക് സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെയാണ് നടക്കുക. ഇതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് കനത്ത ചൂട് വിവിധ സംസ്ഥാനങ്ങളെ വലയ്ക്കുന്നത്. മിര്‍സാപൂരില്‍ 47 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. 49 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്ന താപനില തുടരുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.