ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. എന്നാല്‍, പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൂട്ടാളികളും രക്ഷപ്പെട്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ റെഡ് ക്രസന്റ് നല്‍കിയിട്ടില്ല.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറാനിലെ ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയില്‍ ജോള്‍ഫയ്ക്കടുത്തു വനമേഖലയില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടിവന്നെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി വിശദീകരിക്കുന്നത്.
റൈസി, വിദേശകാര്യമന്ത്രി അബ്ദുള്ളാഹിയന്‍, മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍, ഒരു ഇമാം, ഫ്‌ലൈറ്റ്, സെക്യൂരിറ്റി ടീം അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ ആകെ ഒമ്പത് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്ന് ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ മാലെക് റഹ്മതി ആയിരുന്നു.