തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. 18 പേരുടെ വിവരം ഹേമ കമ്മറ്റിക്ക് കൈമാറിയെന്നും പക്ഷെ ആരെയും ഹേമ കമ്മറ്റി വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്ന് മാത്രമാണ് ഹേമ കമ്മറ്റി ചോദിച്ചതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റുകാര്യങ്ങള്‍ ചോദിക്കാന്‍ കമ്മറ്റിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ ഭാഗ്യലക്ഷ്മി തന്നോട് പൊട്ടിത്തെറിച്ചുവെന്നും മാധ്യമങ്ങളോട് സംസാരിച്ചതിന് രൂക്ഷമായി പ്രതികരിച്ചുവെന്നും തൃശൂര്‍ സ്വദേശിയായ ഹെയര്‍സ്റ്റൈലിസ്റ്റ് ആരോപിച്ചിരുന്നു. ഇതിന് മറുപടി നല്‍കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ അവര്‍ തുറന്നടിച്ചത്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഒരു വിഭാഗത്തിന്റേതു മാത്രമാണ്. എല്ലാവരേയും കേള്‍ക്കാന്‍ ഹേമ കമ്മറ്റി തയ്യാറായില്ല. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടേയും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടേയും സംഘടനകളില്‍നിന്ന് താനുള്‍പ്പെടെ നാലുപേര്‍ മാത്രമാണ് അവരെ കാണാന്‍ പോയത്. പതിനെട്ടു പേരുടെ പേരുകള്‍ കമ്മറ്റിക്ക് നല്‍കിയിരുന്നെങ്കിലും അവരെ ആരെയും വിളിക്കുകയോ കേള്‍ക്കുകയോ ചെയ്തില്ല.
എന്തിനാണ് സര്‍ക്കാര്‍ ഹേമ കമ്മറ്റി രൂപീകരിച്ചത്? സ്ത്രീകള്‍ക്ക് സിനിമാ തൊഴിലിടത്തില്‍ എന്തെല്ലാം രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്. ആ റിപ്പോര്‍ട്ട് പുറത്തുവന്ന അന്നുമുതല്‍ ഈ സിനിമാ ലോകത്തുള്ള സകല സ്ത്രീകളേയും ഒന്നടങ്കം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായിരുന്നോ ആ കമ്മറ്റിയുണ്ടാക്കിയത്? അങ്ങനെയെങ്കില്‍ ആ കമ്മറ്റി ചെയ്തത് ഏറ്റവും വലിയ ദ്രോഹമാണ്. സ്ത്രീകളുടെ പേരെടുത്ത് ആരോപണം ഉന്നയിച്ചാല്‍ തെരുവിലിറങ്ങുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.