മലപ്പുറം ‘വിവാദഭാഗം മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞതല്ല’, ന‍ല്‍കിയത് പിആര്‍ ഏജന്‍സി; ഖേദം രേഖപ്പെടുത്തി തിരുത്തുമായി ദി ഹിന്ദു

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിമുഖം വന്നത് ഡല്‍ഹിയിലെ പി ആര്‍ ഏജന്‍സി വഴിയെന്ന് ദി ഹിന്ദു ദിനപ്പത്രം. മുഖ്യമന്ത്രി അഭിമുഖത്തിന് തയാറെന്നറിയിച്ചത് പി.ആര്‍.ഏജന്‍സിയാണ്. സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാട് വിഷയങ്ങളില്‍ ചോദ്യം വേണമെന്ന് ആവശ്യപ്പെട്ടു. വിവാദഭാഗം മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞതല്ലെന്നും ഹിന്ദു പത്രം വ്യക്തമാക്കി. ആ ഭാഗം പി ആര്‍ ഏജന്‍സി രേഖാമൂലം എഴുതി നല്‍കിയതാണ്. മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്നും ഏജന്‍സി പ്രതിനിധികൾ പറഞ്ഞതായും പത്രം വിശദീകരിച്ചു. അത് മുഖ്യമന്ത്രിയുടേതായി ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്നും തിരുത്തൽ വരുത്തുന്നു എന്നും ദി ഹിന്ദു പത്രം അറിയിച്ചു.

123 കോടി ഹവാലപണവും 150 കിലോ സ്വര്‍ണവും കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ മലപ്പുറത്തു നിന്ന് പിടിച്ചു. ഇവ സംസ്ഥാനത്തിനും കേന്ദ്രത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നാണ് മുഖ്യമന്ത്രിയെ ഉദ്ധരിച്ച് ഹിന്ദു നല്‍കിയ അഭിമുഖംത്തിൽ പറഞ്ഞത്. ഇത് വലിയ വിവാദമായി മാറിയിരുന്നു.

മലപ്പുറം പരാമര്‍ശം മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. വിവാദമായ അഭിമുഖത്തിലെ തെറ്റുകള്‍ തിരുത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ദി ഹിന്ദു പത്രത്തിന് കത്തു നല്‍കിയിരുന്നു. മുഖ്യമന്ത്രി ഒരു പ്രദേശത്ത കുറിച്ചും പേരെടുത്ത് പറഞ്ഞിട്ടില്ല സംസ്ഥാനത്തിന് എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നോ രാജ്യത്തിന് എതിരായുള്ള പ്രവര്‍ത്തനമെന്നോ മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു പത്രം ഖേദം രേഖപ്പെടുത്തി തിരുത്തൽ വരുത്താമെന്ന് വ്യക്തമാക്കി വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഹിന്ദു എഡിറ്ററാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയുടെ താഴെയാണ് എഡിറ്ററുടെ വിശദീകരണം എന്നനിലയില്‍ എഴുതി നല്‍കിയത്. വിവാദഭാഗം മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞതല്ലെന്നും നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണെന്നും പറഞ്ഞ് പിന്നീട് പിആര്‍ ഏജന്‍സി എഴുതി നല്‍കിയതാണ്. അത്‌ മുഖ്യമന്ത്രിയുടെ വാക്കുകൾ എന്ന നിലയിൽ നൽകിയത് മാധ്യമധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നും ആ വാക്കുള്‍ അഭിമുഖത്തിലേതായി ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്നും തിരുത്തൽ വരുത്തുന്നു എന്നുമാണ് ഹിന്ദു പത്രാധിപർ അറിയിച്ചത്.

More Stories from this section

family-dental
witywide