വീട് ഒഴുകിപ്പോയി, കുടുംബത്തിലെ ഏഴുപേര്‍ കാണാമറയത്ത്; അനുജത്തിയുടെ ശരീരം കണ്ട് വിറങ്ങലിച്ച് ശ്രുതി

വെള്ളാർമല സ്കൂളിനു സമീപം താമസിക്കുന്ന ശിവണ്ണയുടെ കുടുംബത്തെ ഉരുൾപൊട്ടലെടുത്തപ്പോൾ ബാക്കിയായത് മൂത്തമകൾ ശ്രുതി മാത്രം. ഡിസംബറിൽ ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. മഴ തോർന്ന് മാനം തെളിഞ്ഞാൽ, ഒരുക്കങ്ങളിലേക്ക് കടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ശിവണ്ണയും ഭാര്യ സബിതയും. എന്നാൽ എല്ലാം തകർത്ത നശിച്ച രാത്രി പിന്നിടുമ്പോൾ ഉറ്റവരെ കാത്തിരിക്കുകയാണ് ശ്രുതി.

വെള്ളാർമല സ്കൂളിനു സമീപമായിരുന്നു ശ്രുതിയുടെ വീട്. മലവെള്ളപ്പാച്ചിൽ എല്ലാം കൊണ്ടുപോയി. ഒമ്പതം​ഗ കുടുംബത്തിലെ ഏഴ് പേർ എവിടെയെന്ന് അറിയില്ല. അനുജത്തി ശ്രേയയുടെ മൃതദേഹം നോക്കി വിറങ്ങലിച്ചിരിക്കുകയാണ് ശ്രുതി. ശിവണ്ണയുടെ ഇളയമകളും കല്പറ്റ ഗവ. കോളേജ് വിദ്യാർഥിയുമായ ശ്രേയയുടെ (19) മൃതദേഹം ചൊവ്വാഴ്ച കണ്ടുകിട്ടിയിരുന്നു.

ചൂരൽമലയിൽ ചൊവ്വാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ ശിവണ്ണ, ഭാര്യ സബിത, അച്ഛൻ ബോമലപ്പൻ, അമ്മ സാവിത്രി എന്നിവരടക്കമുള്ളവരെയാണ് കാണാതായത്. സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന ബോമലപ്പനും സാവിത്രിയും അതിശക്തമായ മഴയെത്തുടർന്നാണ് കെട്ടുറപ്പുള്ള മകൻ ശിവണ്ണയുടെ വീട്ടിലെത്തിയത്.

കോഴിക്കോട് മിംസ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയാണ് ശ്രുതി. സഹോദരി ശ്രേയയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മേപ്പാടി പിഎച്ച്സിയുടെ വരാന്തയിൽ, അച്ഛനും അമ്മയും സുരക്ഷിതരായി തിരിച്ചെത്തും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ശ്രുതി.

More Stories from this section

family-dental
witywide