കാട്ടുപന്നിയെ കണ്ട് പേടിച്ചോടിയ വീട്ടമ്മ കിണറ്റില്‍ വീണു; കണ്ടെത്തിയത് 20 മണിക്കൂറുകള്‍ക്കു ശേഷം

പത്തനംതിട്ട : സംസ്ഥാനത്ത് വന്യ മൃഗ ആക്രമണങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ നിന്നും സമാനമായ സംഭവം പുറംലോകത്ത് എത്തുന്നു. കാട്ടുപന്നിയെ കണ്ട് പേടിച്ചോടിയ പത്തനംത്തിട്ട അടൂര്‍ പരുത്തിപ്പാറയിലെ വീട്ടമ്മ കിണറ്റില്‍ വീണു. 50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ആണ് വയല പരുത്തിപ്പാറ സ്വദേശി എലിസബത്ത് വീണത്.

എലിസബത്തിന് എന്ത് സംഭവിച്ചെന്നറിയാതെ നാട്ടുകാര്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. എന്നാല്‍ 20 മണിക്കൂറുകള്‍ കഴിഞ്ഞാണ് എലിസബത്തിനെ കിണറ്റില്‍ കണ്ടെത്തിയതും രക്ഷിക്കുന്നതും.

ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാനായി എലിസബത്ത് സമീപത്തെ കിണറ്റിന് മുകളിലേക്ക് ഓടിക്കയറിയപ്പോഴാണ് നെറ്റ് പൊട്ടി കിണറ്റില്‍ വീണത്. എന്നാലിത് ആരും അറിഞ്ഞിരുന്നില്ല.

എലിസബത്തിനായി തിരച്ചില്‍ നടത്തുന്നവര്‍ ഇന്ന് ഉച്ചകഴിഞ്ഞ് വീണ്ടും അന്വേഷിച്ച് ഈ ഭാഗത്ത് എത്തുകയും എലിസബത്തിനെ കിണറ്റില്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയും അടൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തി രക്ഷപെടുത്തുകയുമായിരുന്നു.

അതേസമയം, സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തില്‍ ഇന്ന് രണ്ടുപേരുടെ ജീവന്‍കൂടി നഷ്ടമായിരിക്കുകയാണ്. തൃശൂര്‍ പെരിങ്ങല്‍ക്കുത്തില്‍ ഒരു സ്ത്രീ കാട്ടാനയുടെ ആക്രമണത്തിലും കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തിലുമാണ് രണ്ട് മരണം ഉണ്ടായിരിക്കുന്നത്. ഈ സംഭവങ്ങളില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

More Stories from this section

family-dental
witywide