ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനുവേണ്ടി വീണ്ടും സംസാരിച്ച് മരിച്ച യുവതിയുടെ ഭര്‍ത്താവ്. അല്ലു അര്‍ജുനെ ആരും കുറ്റപ്പെടുത്തരുതെന്നും കേസ് പിന്‍വലിക്കാന്‍ തയാറാണെന്നും രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍ വ്യക്തമാക്കി.
തിരക്കില്‍പ്പെട്ട് ഭാര്യ മരിച്ചതിന്റെ പിറ്റേ ദിവസം മുതല്‍ അല്ലു അര്‍ജുന്‍ ഞങ്ങളുടെ കുടുംബത്തിന് എല്ലാ സഹായവുമായി ഒപ്പമുണ്ടെന്നും ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത് ഞങ്ങളുടെ ദുര്‍വിധിയാണെന്നും ഭാസ്‌കര്‍ പറഞ്ഞു.
ഡിസംബര്‍ 4ന് നടന്ന സംഭവത്തില്‍ രേവതിയുടെയും ഭാസ്‌കറിന്റെയും മകന്‍ ശ്രീ തേജിനും പരുക്കേറ്റിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച ശ്രീ തേജ് വെന്റിലേറ്റര്‍ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.