ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ കര്‍ഷക സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഹരിയാന അതിര്‍ത്തിയില്‍ മരിച്ച ബതിന്ദയില്‍ നിന്നുള്ള 21 കാരനായ കര്‍ഷകന്റെ കുടുംബത്തിന് തന്റെ സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു.
ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ സംഗ്രൂര്‍-ജിന്ദ് അതിര്‍ത്തിയിലെ ഖനൗരിയില്‍വെച്ചാണ് ശുഭ്കരന്‍ സിംഗ് (21) കൊല്ലപ്പെട്ടുവെന്ന് കര്‍ഷകര്‍ പറയുന്നത്. പോലീസിന്റെ കണ്ണീര്‍ വാതക ഷെല്ലിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ചില കര്‍ഷകര്‍ ആരോപിച്ചു. ഷെല്‍ തലയില്‍ പതിച്ചെന്നും ബുള്ളറ്റാണ് പതിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ.
എന്നാല്‍ സംഭവത്തില്‍ ആരോപണമെല്ലാം പോലീസ് നിഷേധിച്ചിട്ടുണ്ട്.
ശുഭ്കരന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ നിയമനടപടി എടുക്കുമെന്നുമാണ് പഞ്ചാബ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ശുഭ്കരന്‍ അവിടെ പോയത് ഫോട്ടോ എടുക്കാനല്ലെന്നും തന്റെ വിളകള്‍ക്ക് ശരിയായ വില തേടിയാണെന്നും അദ്ദേഹം പറഞ്ഞു. ശുഭകരന്റെ കുടുംബത്തിന് തന്റെ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.