ന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ശ്രീലങ്കന്‍ മത്സ്യബന്ധന കപ്പല്‍ സെയ്‌ഷെല്‍സ് പ്രതിരോധ സേനയുടെയും ശ്രീലങ്കന്‍ നാവികസേനയുടെയും സഹകരണത്തോടെ തടഞ്ഞുനിര്‍ത്തി രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന. മൂന്ന് കടല്‍ക്കൊള്ളക്കാര്‍ സീഷെല്‍സ് കോസ്റ്റ് ഗാര്‍ഡിന് കീഴടങ്ങിയിട്ടുണ്ട്. കപ്പലിലെ ആറ് ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പല്‍ മാഹിയിലേക്ക് കൊണ്ടുപോകുമെന്നും നാവികസേന അറിയിച്ചു.
സൊമാലിയയിലെ മൊഗാദിഷുവില്‍ നിന്ന് ഏകദേശം 955 നോട്ടിക്കല്‍ മൈല്‍ കിഴക്കായി ശ്രീലങ്കന്‍ പതാക ഘടിപ്പിച്ച മള്‍ട്ടി-ഡേ ഫിഷിംഗ് ട്രോളര്‍ ലോറെന്‍സോ പുത്ത 04 ആണ് തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനുവരി 27 നാണ് മൂന്ന് കടല്‍ക്കൊള്ളക്കാര്‍ മത്സ്യബന്ധന ട്രോളറില്‍ കയറി കപ്പല്‍ പിടിച്ചെടുത്തത്. ജനുവരി 28 ന് നാവികസേന ഐഎന്‍എസ് ശാരദയെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിക്കുകയും തട്ടിയെടുത്ത കപ്പല്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ഹേല്‍ സീ ഗാര്‍ഡിയനെ ചുമതലപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇന്ത്യന്‍ നാവികസേന നടത്തുന്ന മൂന്നാമത്തെ വിജയകരമായ ഓപ്പറേഷനാണിത്.
തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പലായ അല്‍ നഈമിയില്‍ നടത്തിയ ഓപ്പറേഷനില്‍ 11 സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് 19 പാകിസ്ഥാന്‍ പൗരന്മാരെ രക്ഷപ്പെടുത്തിയിരുന്നു. ഐഎന്‍എസ് സുമിത്ര ഇറാനിയന്‍ പതാക ഘടിപ്പിച്ച മത്സ്യബന്ധന കപ്പല്‍ എഫ്വി ഇമാനിലെ കടല്‍ക്കൊള്ള ശ്രമം പരാജയപ്പെടുത്തുയും അതിലെ 17 ജീവനക്കാരെയും സുരക്ഷിതരായി മോചിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് നടന്ന മൂന്നാമത്തെ ഓപ്പറേനില്‍ ശ്രീലങ്കന്‍ മത്സ്യബന്ധന കപ്പല്‍ സെയ്‌ഷെല്‍സും മോചിപ്പിച്ചു.
ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ചെന്നൈ, തല്‍വാര്‍ ക്ലാസ് ഫ്രിഗേറ്റ് എന്നിവയുള്‍പ്പെടെ 10-12 യുദ്ധക്കപ്പലുകള്‍ നിലവില്‍ അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന വിന്യസിച്ചിട്ടുണ്ട്. കൂടാതെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.