ഇന്ത്യന്‍ ഭരണഘടനയുടെ അഖണ്ഡത സംരക്ഷിക്കപ്പെടണം ; ഡാളസില്‍ രാഹുല്‍ ഗാന്ധി

ഡാളസ് : ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ഭരണഘടന ലംഘനം അനുവദിച്ചു കൊടുക്കുവാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ ഭരണഘടനയുടെ അഖണ്ഡത സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. സെപ്റ്റംബര്‍ 8 നു ഡാളസ് ഇര്‍വിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണം, ഗണേഷ് ചതുര്‍ഥി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ജനാധിപത്യ രാഷ്ട്രങ്ങളായ ഇന്ത്യയും അമേരിക്കയും സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്നും എല്ലാ സംസ്ഥാനങ്ങളെയും, അവിടെ വസിക്കുന്ന ജനതയേയും സംസ്‌കാരത്തെയും മതങ്ങളെയും ഒരുപോലെ കാണുവാന്‍ കഴിയണമെന്നും അവിടെ മാത്രമേ ജനാധിപത്യത്തിന്റെ വിജയം അവകാശപ്പെടുവാന്‍ കഴിയുകയുള്ളൂവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പോടെ ബി ജെ പിയെ കുറിച്ചുള്ള ഭയം ജനങ്ങളില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. സ്‌നേഹം, ബഹുമാനം താഴ്മ എന്ന സദ്ഗുണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും അന്യമായികൊണ്ടിരിക്കുന്നു. മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും, താഴ്മയോടെ പെരുമാറുന്നതിനും നാം ശ്രമിക്കണമെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ കാണാനും പ്രസംഗം കേള്‍ക്കുന്നതിനും അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ടെക്‌സസ്സിന്റെ വിവിധ സിറ്റികളില്‍ നിന്നും ആയിരങ്ങളാണ് ഞായറാഴ്ച ഉച്ചയോടെ ഡാളസിലേക്കു ഒഴുകിയെത്തിയത്. രാഹുല്‍ പ്രസംഗിക്കുന്നതിനിടയില്‍ പലപ്പോഴും പതാകകള്‍ വീശിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം പ്രകടമായിരുന്നു.

ലോക്സഭയിലെ പ്രതിപക്ഷ നേതാവായതിന് ശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ യുഎസ് സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡ വിശദീകരിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രീതീക്ഷകള്‍ക്കപ്പുറമാണെന്ന് ,” പിത്രോഡ പറഞ്ഞു. സ്വീകരണ സമ്മേളനത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ആരതീ കൃഷ്ണന്‍, കോണ്‍ഗ്രസ് നേതാക്കളായ മൊഹിന്ദര്‍ സിങ് , ജോര്‍ജ് എബ്രഹാം ഉള്‍പ്പെടെ നിരവധി നേതാക്കള്‍
പ്രസംഗിച്ചു.

ചിത്രങ്ങള്‍ കാണാം…

(വാര്‍ത്ത : പി പി ചെറിയാന്‍)

Also Read