ശാന്തമാകുമോ ബംഗ്ലാദേശ്, യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

ധാക്ക: സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭം അതിരു വിടുകയും പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടിയും വന്ന ബംഗ്ലാദേശില്‍ നാളെ പുതിയ ഇടക്കാല സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക്. പ്രാദേശിക സമയം രാത്രി എട്ടുമണിയോടെയായിരിക്കും ചടങ്ങ് നടക്കുകയെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍ ബുധനാഴ്ച അറിയിച്ചു.

അതേസമയം, ഇടക്കാല സര്‍ക്കാരിനെ നയിക്കാനൊരുങ്ങുന്ന, സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഫ്രാന്‍സില്‍ നിന്ന് ധാക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

‘നാളെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു’വെന്ന് ബുധനാഴ്ച ഉച്ചയ്ക്ക് കരസേനാ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സൈനിക മേധാവി വ്യക്തമാക്കിയത്. ചടങ്ങില്‍ ഏകദേശം 400 പേര്‍ പങ്കെടുക്കുമെന്നും ഇടക്കാല സര്‍ക്കാരില്‍ ഏകദേശം 15 അംഗങ്ങള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.

അതേസമയം, രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ തുടരുകയാണ് ഹസീന. അവര്‍ യു.കെയില്‍ അഭയം തേടുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും യുകെയില്‍ നിന്നും അനുകൂല തീരുമാനം ഇതുവരെ എത്തിയിട്ടില്ല. അതിനാല്‍ത്തന്നെ ഹസീനയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്‌.