ന്യൂഡല്‍ഹി: ബന്ദികളാക്കിയവരില്‍ ഒരാളുടെ മൃതദേഹം ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം കണ്ടെടുത്തതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. റോണ്‍ ബെഞ്ചമിന്‍ എന്ന 53 കാരന്റെ മൃതദേഹമാണ് സേന തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച കണ്ടെത്തിയ മറ്റ് മൂന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ക്കൊപ്പമാണ് റോണ്‍ ബെഞ്ചമിനെ കണ്ടെത്തിയതായതെന്നും സൈന്യം സ്ഥിരീകരിച്ചു. ബെഞ്ചമിന്റെ മൃതദേഹം തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 7 ന് ഹമാസ് ആക്രമണം ആരംഭിച്ചപ്പോള്‍ 53 കാരനായ അദ്ദേഹം ഗാസ അതിര്‍ത്തിക്ക് സമീപം ഒരു ഗ്രൂപ്പ് സൈക്കിള്‍ സവാരിയില്‍ പങ്കെടുക്കുകയായിരുന്നു. ഹമാസ് തോക്കുധാരികള്‍ ഇസ്രായേലിലേക്ക് കടന്ന് നടത്തിയ ആക്രമണത്തില്‍ 1,200 ഓളം പേര്‍ കൊല്ലപ്പെട്ടു. 252 പേരെ അവര്‍ ബന്ദികളാക്കി ഗാസയിലേക്ക് തിരികെ കൊണ്ടുപോയി ഇക്കൂട്ടത്തിലായിരുന്നു ബെഞ്ചമിനും. എന്നാല്‍ ഒക്ടോബര്‍ 7 ന് അദ്ദേഹം കൊല്ലപ്പെട്ടതായി സൈനിക ഇന്റലിജന്‍സ് കണ്ടെത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിന്‍ ഡാനിയല്‍ ഹഗാരി എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. മെഫാല്‍സിം കവലയില്‍ വച്ചാണ് ബെഞ്ചമിന്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തിന്റെ മൃതദേഹം ഹമാസ് തീവ്രവാദികള്‍ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയതായും സൈന്യം അറിയിച്ചു.
ബന്ദികളാക്കിയ ഷാനി ലൂക്ക്, അമിത് ബുസ്‌കില, ഇറ്റ്‌സാക്ക് ഗെലറെന്റര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത അതേ ഓപ്പറേഷനിലാണ് ബെഞ്ചമിന്റെ മൃതദേഹവും കണ്ടെടുത്തത്.