മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ജനുവരി 26ന് കേരള ഹൗസില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിന ആഘോഷത്തിന് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ മാത്യൂസ് മുണ്ടക്കല്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായ പത്മശ്രീ ഷൈനി വിത്സന്‍ മുഖ്യാതിഥിയായിരുന്നു. മാഗ് സെക്രട്ടറി സുബിന്‍ കുമാരന്‍ സ്വാഗതം അറിയിച്ചു.

ഇന്ത്യയ്ക്ക് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 1950 ജനുവരി 26ന്, പുതിയ ഭരണഘടന നിലവില്‍ വന്നപ്പോഴാണ് എന്ന് മുണ്ടക്കല്‍ തന്റെ ആവേശകരമായ മുഖപ്രസംഗത്തില്‍ അനുസ്മരിച്ചു. ഫോര്‍ട് ബെന്ഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ കെ പട്ടേലിനോപ്പം മുഖ്യാതിഥിയായ പത്മശ്രീ ഷൈനി വില്‍സണും ചേര്‍ന്ന് അമേരിക്കന്‍ പതാക ഉയര്‍ത്തിയപ്പോള്‍ മാഗ് പ്രസിഡന്റ് മാത്യൂസ് മുണ്ടക്കലാണ് ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്. സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യൂസ്, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ജഡ്ജ് സുരേന്ദ്രന്‍ കെ പട്ടേല്‍ എന്നിവരുള്‍പ്പെടെ മലയാളി സമൂഹത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് ഹൃദയംഗമമായ ആശംസകള്‍ അറിയിച്ചു.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് വാസുദേവന്‍, ബില്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ നായര്‍ എന്നിവര്‍ മലയാളി സമൂഹത്തിന് റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചു. മുഖ്യാതിഥി ഷൈനി വില്‍സണ് മാഗിന്റെ ഓണററി അംഗത്വം നല്‍കി ആദരിച്ചതാണ് പരിപാടിയുടെ ഹൈലൈറ്റ്. മാഗ് ട്രഷറര്‍ ജോസ് കെ ജോണ്‍ നന്ദി പ്രകാശിപ്പിച്ചതോടെ ചടങ്ങ് സമാപിച്ചു തുടര്‍ന്ന് ഐക്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രതീകമായി വന്ന എല്ലാവര്‍ക്കും പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു. കേരള ഹൗസില്‍ നടന്ന ചടങ്ങ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിക്കുക മാത്രമായിരുന്നില്ല, ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനുള്ളിലെ ശക്തമായ സാംസ്‌കാരിക ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒന്നായിരുന്നു.

More Stories from this section

family-dental
witywide