ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാശ്മീരി ഗേറ്റ് ഏരിയയ്ക്കടുത്ത് ഫത്തേ കച്ചോരിയിലുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ക്ക് പരിക്ക്. അമിത വേഗത്തിലെത്തിയ മെഴ്സിഡസ് എസ്യുവി ചെറിയ തട്ടുകടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഭക്ഷണശാലയ്ക്കുള്ളിലെ സിസിടിവി ക്യാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
കടയ്ക്ക് സമീപത്തും കടയ്ക്കുള്ളിലും ആളുകള്‍ ഉണ്ടായിരുന്നു. പെട്ടെന്ന് എല്ലാവരും പരിഭ്രാന്തരായി ഒരു വശത്തേക്ക് നോക്കുന്നതും ആളുകള്‍ക്ക് ഓടി മാറാന്‍ കഴിയുംമുമ്പ് തന്നെ ഒരു കാര്‍ കടയിലേക്ക് പാഞ്ഞെത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. കടയിലെ മേശയും ആളുകളെയും ഇടിച്ച് തെറിപ്പിച്ച് ഒരു മതിലില്‍ ഇടിച്ചാണ് വാഹനം നിന്നത്. ഭാര്യയ്‌ക്കൊപ്പം കടയിലേക്ക് വന്ന ഒരാള്‍ അപകടത്തിനിടയില്‍ ഭാര്യയെ കാണാതെ വല്ലാതെ വിഷമിക്കുന്നതും, കാറിനടിയില്‍പ്പെട്ടന്ന് കരുതി മുട്ടുകുത്തിയിരുന്ന് തിരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. എന്നാല്‍ താന്‍ സുരക്ഷിതയാണെന്നുപറഞ്ഞ് സമീപത്തുനിന്നും ഭാര്യ ഓടിയെത്തുന്നതും ഭര്‍ത്താവ് ആശ്വസിക്കുന്നതും കാണാം.
അപകടത്തില്‍ കാറിടിച്ച് തെറിപ്പിച്ച ഒരു യുവാവിന്റെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. യുവാവിനുള്‍പ്പെടെ ആറുപേര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
36 കാരനായ നോയിഡ സ്വദേശി പരാഗ് മൈനി എന്ന അഭിഭാഷകനാണ് കാര്‍ ഓടിച്ചിരുന്നത്. സംഭവസ്ഥലത്തുനിന്നും പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളുടെ എസ്യുവിയും പിടിച്ചെടുത്തിട്ടുണ്ട്. പ്രാഥമിക വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയെങ്കിലും കൂടുതല്‍ പരിശോധനയ്ക്കായി ഇയാളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടം നടക്കുമ്പോള്‍ ഇയാളുടെ ഭാര്യയും കാറിലുണ്ടായിരുന്നു.