
പനജി: ബെംഗളൂരുവില്‍ തന്റെ നാലുവയസ്സുള്ള മകനെ കൊന്ന് മൃതദേഹം ബാഗിലാക്കിയ യുവതി പിടിയിലായിട്ട് ദിവസം രണ്ടായിട്ടും അന്വേഷണത്തോട് സഹകരിക്കാത്തത് പൊലീസിനെ വലയ്ക്കുന്നു. ഗോവയില്‍ പോലീസ് കസ്റ്റഡിയിലുള്ള മൈന്‍ഡ്ഫുള്‍ എഐ ലാബ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ സുചന സേത്ത് താന്‍ കൊലപാതകം ചെയ്തിട്ടില്ല എന്നാണ് തുടരെത്തുടരെ അവകാശപ്പെടുന്നത്.
തിങ്കളാഴ്ച രാത്രി നോര്‍ത്ത് ഗോവയില്‍ നിന്ന് മകന്റെ മൃതദേഹം ബാഗിലാക്കി യാത്ര ചെയ്യുന്നതിനിടെയാണ് ചിത്രദുര്‍ഗ പോലീസ് സുചന സേത്തിനെ അറസ്റ്റ് ചെയ്തത്. 39 കാരിയായ യുവതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ബുധനാഴ്ച പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അന്വേഷണം നടക്കുന്നതിനിടെ, കൊലപാതകം ആസൂത്രിതമാണെന്ന് വിലയിരുത്തുന്നതായി പോലീസ് ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. ഒരു തൂവാലയോ തലയിണയോ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ചെന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഡോക്ടര്‍ പറയുന്നത്.
ഇവര്‍ ഇടത് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മനസ്സ് മാറ്റി മകന്റെ മൃതദേഹം ബാഗില്‍ നിറച്ച് ഒരു ടൂറിസ്റ്റ് ക്യാബില്‍ ബെംഗളൂരുവിലേക്ക് പോകുകയുമായിരുന്നു എന്നും പോലീസ് പറഞ്ഞു.
യുവതിയും ഭര്‍ത്താവ് വെങ്കട്ട് രാമനും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. വേര്‍പിരിഞ്ഞ ഭര്‍ത്താവിനെ എല്ലാ ഞായറാഴ്ചയും മകനെ കാണാന്‍ അനുവദിച്ച കോടതി ഉത്തരവില്‍ യുവതി അതൃപ്തയായിരുന്നു. ഇക്കാരണത്താല്‍ ഞായറാഴ്ച പിതാവ് മകനെ കാണാതിരിക്കാന്‍ സുചന ആ കടുംകൈ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തല്‍.