ന്യൂഡല്‍ഹി: തുടരെ തുടരെ വിവാദങ്ങളുടെ കൈ പിടിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. രാജ്യത്തിന് പിതാക്കന്മാരില്ലെന്നും എന്നാല്‍ പുത്രന്മാരുണ്ടെന്നും ഭാരതമാതാവിന്റെ ഈ പുത്രന്മാര്‍ അനുഗൃഹീതരാണെന്നുമുള്ള വാക്കുകളാണ് കങ്കണയെ വീണ്ടും വിവാദങ്ങളുടെ കുഴിയില്‍ ചാടിച്ചത്.
ഗാന്ധിജയന്തിദിനത്തില്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലാണ് താരം വിവാദ പ്രസ്താവന നടത്തിയത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ 120-ാം ജന്മവാര്‍ഷിക ആശംസ നേരുന്ന ‘സ്റ്റോറി’യില്‍ ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം ചേര്‍ത്ത വരികളാണ് വിവാദമായത്.
അതേസമയം, രാഷ്ട്രപിതാവ് എന്ന നിലയില്‍ മഹാത്മാഗാന്ധിയുടെ മഹത്വം കുറച്ചുകാണിച്ചതായി കോണ്‍ഗ്രസ് അവകാശപ്പെട്ടു.
മുമ്പ് ഉണ്ടായിട്ടുള്ളതുപോലെ ബിജെപിയില്‍ നിന്നും കങ്കണയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് മനോരഞ്ജന്‍ കാലിയ ഗാന്ധി ജയന്തി ദിനത്തില്‍ കങ്കണ നടത്തിയ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. ഗാന്ധിജിയുടെ 155-ാം ജന്മവാര്‍ഷികത്തില്‍ കങ്കണ റണാവത്ത് നടത്തിയ പരാമര്‍ശത്തെ ഞാന്‍ അപലപിക്കുന്നു. തന്റെ ചുരുങ്ങിയ രാഷ്ട്രീയ ജീവിതത്തില്‍, വിവാദ പ്രസ്താവനകള്‍ നടത്തുന്ന ഒരു ശീലം അവര്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. രാഷ്ട്രീയം അവളുടെ മേഖലയല്ല. രാഷ്ട്രീയം ഗൗരവമുള്ള കാര്യമാണ്. സംസാരിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കണം… അവരുടെ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് പ്രശ്നമുണ്ടാക്കുന്നു-എന്നാണ് കാലിയയുടെ പ്രതികരണം.
മോദിസര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കങ്കണ റണാവത്ത് നടത്തിയ പരാമര്‍ശത്തില്‍ വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ പ്രസ്താവനയുമായി താരം എത്തിയത്.