കനത്ത സുരക്ഷയില്‍ നവകേരള സദസിന് ഇന്ന് സമാപനം

കൊച്ചി : പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവന്ന നവകേരള സദസിന് ഇന്ന് സമാപനം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂര്‍ത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കുമ്പോള്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്തിയും മന്ത്രിമാരും ഇന്നെത്തുക. വൈകിട്ട് 3 നും അഞ്ചിനുമാണ് പൊതുയോഗങ്ങള്‍. നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നലെയും ഇന്നുമായി തുടരുകയായിരുന്നു.

ഇന്നലെ പാലാരിവട്ടത്ത് കരിങ്കൊടികാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രി മുഴുവന്‍ നീണ്ട സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് നവകേരളയാത്ര അവസാനമണ്ഡലങ്ങളിലേക്ക് എത്തുന്നത്.

നവകേരള സദസ്സിനെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ അറസ്റ്റിലായ ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിച്ചതോടെ രാത്രി ഏറെ വൈകിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഏഴ് മണിക്കൂര്‍ നീണ്ട പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ ഉപരോധം അവസാനിപ്പിച്ചത്. എറണാകുളം ജില്ല കോടതി മജിസ്‌ട്രേറ്റ് ആണ് ജാമ്യം നല്‍കിയത്.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എ മാരായ ടി.ജെ വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സമരം നടത്തുന്നതിനിടെ, പിരിഞ്ഞു പോയില്ലെങ്കില്‍ തല്ലി ഓടിക്കുമെന്ന് സ്റ്റേഷനുള്ളില്‍ നിന്ന് എസ് ഐ ഭീഷണി മുഴക്കിയതോടെ പ്രവര്‍ത്തകര്‍ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

More Stories from this section

family-dental
witywide