ന്യൂഡല്‍ഹി: നാളെ (ജൂണ്‍ 23) നടത്താനിരുന്ന നീറ്റ്-പിജി പ്രവേശന പരീക്ഷ മാറ്റിവച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിരവധി മത്സര പരീക്ഷകളുടെ സമഗ്രതയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
പരീക്ഷാ പേപ്പര്‍ ഡാര്‍ക്ക്‌നെറ്റില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് യുജിസി-നെറ്റ് റദ്ദാക്കിയതിന് ശേഷം മാറ്റിവെക്കുന്ന രണ്ടാമത്തെ മത്സര പരീക്ഷയാണിത്.
പരീക്ഷാ പ്രക്രിയകളുടെ ദൃഢതയും ന്യായവും ഉറപ്പാക്കാന്‍ സമഗ്രമായ വിലയിരുത്തല്‍ നടത്താന്‍ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു. പരീക്ഷയുടെ പുതിയ തീയതി എത്രയും വേഗം പ്രഖ്യാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
‘വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയും പരീക്ഷാ പ്രക്രിയയുടെ വിശുദ്ധി നിലനിര്‍ത്തുന്നതിനുമാണ് ഈ തീരുമാനമെടുത്തതെന്നും’ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, നീറ്റ് ക്രമക്കേടുകളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) മേധാവി സുബോധ് കുമാര്‍ സിങ്ങിനെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. NEET, UGC-NET, CUET, JEE (Main) എന്നിവ നടത്തുന്ന പരീക്ഷാ ബോഡിയുടെ പുതിയ ഡയറക്ടര്‍ ജനറലായി വിരമിച്ച ഇന്ത്യന്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥന്‍ പ്രദീപ് സിംഗ് ഖരോലയെ നിയമിച്ചു.