വീണ്ടും കോവിഡ് ഭീതിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍. കോവിഡ് -19 ന്റെ XEC എന്ന് വിളിക്കപ്പെടുന്ന വകഭേദം യൂറോപ്പിലുടനീളം അതിവേഗം പടരുകയാണെന്നും അത് ഉടന്‍ തന്നെ വലിയ സമ്മര്‍ദ്ദമായി മാറുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ജൂണില്‍ ജര്‍മ്മനിയിലാണ് പുതിയ വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് യുകെ, യുഎസ്, ഡെന്‍മാര്‍ക്ക് തുടങ്ങി നിരവധി രാജ്യങ്ങളില്‍ XEC വേരിയന്റ് ഉയര്‍ന്നുവന്നു. ഒമിക്രൊണ്‍ വേരിയന്റിന്റെ ഉപവിഭാഗമായ പുതിയ വേരിയന്റിന് വ്യാപിക്കാന്‍ സഹായിക്കുന്ന ചില പുതിയ മ്യൂട്ടേഷനുകള്‍ ഉണ്ടെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും വാക്‌സിനുകള്‍ക്ക് ഗുരുതരമായ വ്യാപനത്തെ തടയാന്‍ കഴിഞ്ഞേക്കുമെന്നും വിലയിരുത്തലുണ്ട്.
നിലവില്‍ യൂറോപ്പിലുള്ള KS.1.1, KP.3.3 എന്നീ ഒമൈക്രോണ്‍ സബ് വേരിയന്റുകളുടെ ഒരു ഹൈബ്രിഡാണ് XEC വേരിയന്റ്. ഇതുവരെ, പോളണ്ട്, നോര്‍വേ, ലക്‌സംബര്‍ഗ്, ഉക്രെയ്ന്‍, പോര്‍ച്ചുഗല്‍, ചൈന എന്നിവയുള്‍പ്പെടെ 27 രാജ്യങ്ങളില്‍ നിന്നുള്ള 500 സാമ്പിളുകളില്‍ ഈ വേരിയന്റ് കണ്ടെത്തിയിട്ടുണ്ട്. ഡെന്മാര്‍ക്ക്, ജര്‍മ്മനി, യുകെ, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വേരിയന്റിന്റെ ശക്തമായ വളര്‍ച്ചയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.