തെലുങ്ക് ഭാഷ വേരുപിടിച്ച്‌ അമേരിക്കന്‍ മണ്ണ്, മുന്നില്‍ കാലിഫോര്‍ണിയയും ടെക്‌സസും

ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളില്‍ നിന്നും കുടിയേറി താമസിക്കുന്നവരാല്‍ ഭാഷകളുടെ വൈവിധ്യം നുണയുന്ന ഇടമാണ് അമേരിക്ക. പലവിധ ഭാഷകളുടെ സംഗമ ഭൂമിയാണ് അമേരിക്ക എന്നു തന്നെ പറയാം. അതില്‍ത്തന്നെ ഇന്ത്യയില്‍ നിന്നുള്ള ആളുകളുടെ പ്രിയപ്പെട്ട ഇടമായി അമേരിക്ക മാറുമ്പോള്‍ ഇന്ത്യന്‍ ഭാഷകളുടെ വൈവിധ്യവും അമേരിക്കയില്‍ പ്രത്യേക ഇടം പിടിക്കുന്നുണ്ട്.

അമേരിക്കയിലുടനീളം ഏറ്റവും അധികം മുഴങ്ങിക്കേള്‍ക്കുന്ന അഞ്ച് ഇന്ത്യന്‍ ഭാഷകളാണ് ഹിന്ദി, ഗുജറാത്തി, തെലുങ്ക്, ബംഗാളി, തമിഴ് എന്നിവ. ഇതില്‍ തെലുങ്ക് സംസാരിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ 12.3 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. അമേരിക്കയിലേക്ക് പറക്കാനാഗ്രഹിക്കുന്ന തെലുങ്ക് വിദ്യാര്‍ത്ഥികളെ സന്തോഷിപ്പിക്കുന്ന വാര്‍ത്ത തന്നെയാണിത്. അമേരിക്കയിലുടനീളമുള്ള തെലുങ്ക് സംസാരിക്കുന്നവര്‍ 2016-ല്‍ 3.2 ലക്ഷം ആയിരുന്നത് 2024-ല്‍ 12.3 ലക്ഷമായി ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യുഎസ് സെന്‍സസ് ബ്യൂറോയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ അറ്റ്ലസ് അനുസരിച്ച്, തെലുങ്ക് സംസാരിക്കുന്നവരുടെ ജനസംഖ്യ നാലാം തലമുറയിലെ കുടിയേറ്റക്കാര്‍ മുതല്‍ അടുത്തിടെ എത്തിയ വിദ്യാര്‍ത്ഥികള്‍ വരെയാണ്. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തെലുങ്ക് ഉപയോഗിക്കുന്നത്. ഇവിടെ നിന്നും എത്തിയവരാണ് അമേരിക്കയിലെ ഈ ഭാഷാ വളര്‍ച്ചയുടെ പിന്നിലും മുന്നിലുമുള്ളത്.

കാലിഫോര്‍ണിയയിലാണ് ഏറ്റവും കൂടുതല്‍ തെലുങ്ക് സംസാരിക്കുന്നവരുള്ളത്. ഏകദേശം 2 ലക്ഷത്തോളം ആളുകളാണ് ഇവിടുത്തെ തെലുങ്ക് ഭാഷയ്ക്ക് ബലം നല്‍കിയത്.

തെലുങ്ക് ഭാഷ ഉപയോഗിക്കുന്ന 1.5 ലക്ഷം പേരുമായി തൊട്ടുപിന്നില്‍ ഉള്ളത് ടെക്‌സസാണ്. ന്യൂജേഴ്സിയിലിത് 1.1 ലക്ഷം ആണ്. ഇല്ലിനോയിസിലാകട്ടെ 83,000 പേരും, വിര്‍ജീനിയയില്‍ 78,000 പേരും, ജോര്‍ജിയയില്‍ 52,000 പേരും തെലുങ്ക് ഭാഷയ്ക്ക് അമേരിക്കന്‍ മണ്ണില്‍ വേരുപടര്‍ത്തി. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയവരുടെ നാലിരട്ടി വര്‍ദ്ധനവാണ് മേല്‍പ്പറഞ്ഞ അമേരിക്കന്‍ സംസ്ഥാനങ്ങളിലുള്ളതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഓരോ വര്‍ഷവും 60,000 നും 70,000 നും ഇടയില്‍ വിദ്യാര്‍ത്ഥികളും ഒപ്പം ഏകദേശം 10,000 H1B വിസ ഉടമകളും യുഎസില്‍ എത്തുന്നുവെന്നും അവരില്‍ 80% പേരും ഞങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരാണെന്നും തെലുങ്ക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ സെക്രട്ടറി അശോക് കൊല്ല പറഞ്ഞു. മാത്രമല്ല, ‘അവരില്‍ 75% വും അമേരിക്കയില്‍ സ്ഥിരതാമസമാക്കുന്നുവെന്നും കൂടുതലും ഡാളസ്, ബേ ഏരിയ, നോര്‍ത്ത് കരോലിന, ന്യൂജേഴ്‌സി, അറ്റ്‌ലാന്റ, ഫ്‌ലോറിഡ, നാഷ്വില്ലെ എന്നിവിടങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെലുങ്ക് സ്വാധീനം അമേരിക്കയില്‍ വളരെയധികം ഉയര്‍ന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന വിദേശ ഭാഷകളില്‍ 11-ആം സ്ഥാനത്താണ് തെലുങ്ക്.

തെലങ്കാനയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ധൈര്യമായി അമേരിക്കയിലേക്ക് ബാഗ് പാക്ക് ചെയ്യാം. നിങ്ങളെ കാത്തിരിക്കുന്നത് ഗൃഹാതുരത്വമുള്ള തെലുങ്ക് വേരുകള്‍ ആഴത്തിലിറങ്ങിയ അമേരിക്കന്‍ മണ്ണാണ്.