തിരുവനന്തപുരം: ജനരോഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ലെന്നും രാജിവച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
ക്ഷണിക്കപ്പെടാതെ എത്തി വാക്കുകള്‍ കൊണ്ട് ഒരു മനുഷ്യ ജീവന്‍ അവസാനിപ്പിച്ചിട്ട് രാജി കൊണ്ട് പരിഹാരമാകുമോയെന്നും ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛന്‍ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോയെന്നും സതീശന്‍ ചോദിച്ചു.
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയയയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ 3 ദിവസത്തിന് ശേഷം ഇന്നലെ വൈകിട്ടോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയത്. ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നടപടി. കെ.കെ.രത്നകുമാരിയെ പകരം പ്രസിഡന്റായി പരിഗണിക്കാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
അതേസമയം, നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ വേദനയുണ്ടെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പിപി ദിവ്യ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. അഴിമതിക്കെതിരെ താന്‍ നടത്തിയത് സദ്ദുദ്ദേശപരമായ വിമര്‍ശനമായിരുന്നെങ്കിലും തന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാടിനെ താന്‍ മാനിക്കുന്നുവെന്നും ദിവ്യ പറഞ്ഞു.