
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെത്തുടര്‍ന്നു കാനഡയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ കനേഡിയന്‍ വിമാനം യുഎസിലെ ചിക്കാഗോയിലെത്തിച്ചു.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായി ദിവസങ്ങള്‍ക്കുള്ളിലാണു ബോംബ് ഭീഷണിയെത്തുടര്‍ന്ന് ചിക്കാഗോ വിമാനം കാനഡയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. കനേഡിയന്‍ അധികാരികളോട് എയര്‍ ഇന്ത്യ നന്ദി അറിയിച്ചു.
211 പേരുമായി പുറപ്പെട്ട ഡല്‍ഹി-ചിക്കാഗോ വിമാനമാണു ബോബ് ഭീഷണിയെത്തു ടര്‍ന്നു കാനഡയിലെ ഇഖാലു വിറ്റ് വിമാനത്താവളത്തില്‍ ഇറക്കിയത്. താപനില മൈനസ് 3 ഡിഗ്രി വരെ താഴുന്ന ഇഖാലുവീറ്റില്‍ ഇത്രയും യാത്രക്കാരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യോമസേനാ വിമാനം സജ്ജമാക്കുകയായിരുന്നു. വിശദ പരിശോധനയ്ക്കുശേഷം എയര്‍ ഇന്ത്യ വിമാനത്തില്‍ത്തെന്നെ ലഗേജ് എത്തിക്കും.
ഖാലിസ്ഥാന്‍ ഭീകരന്‍ നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിയ കാനഡയുമായി നയതന്ത്ര ബന്ധം വരെ വഷളായ നിലയിലാണ്. അതിനിടെയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനയാത്രികര്‍ക്ക് സഹായ ഹസ്തവുമായി കനേഡിയന്‍ അധികൃതര്‍ എത്തിയത്.